കാഴ്ചയുടെ വസന്തമൊരുക്കാൻ ഇന്ന് ഐഎഫ്എഫ്‌കെക്ക് തുടക്കം

ഇരുപത്തിനാലാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കം. വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചലച്ചിത്ര മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. നടി ശാരദയാണ് വിശിഷ്ടാതിഥി. ചടങ്ങുകൾക്ക് ശേഷം ഉദ്ഘാടന ചിത്രമായ ‘പാസ്ഡ് ബൈ സെൻസർ’ പ്രദർശിപ്പിക്കും.
വിവിധ തിയേറ്ററുകളിൽ രാവിലെ 10 മണി മുതൽ തന്നെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു തുടങ്ങും. 8998 സീറ്റുകളാണ് മേളയ്ക്കായി സജ്ജമാക്കിയിട്ടുള്ളത്. 3,500 സീറ്റുകളുള്ള ഓപ്പൺ തിയേറ്ററായ നിശാഗന്ധിയാണ് ഏറ്റവും വലിയ പ്രദർശന വേദി. 10,500 ഡെലിഗേറ്റുകൾ ഇക്കുറി സിനിമ കാണും. എട്ട് ദിവസം നീണ്ടു നിൽക്കുന്ന മേളയിൽ മത്സര വിഭാഗം, ഇന്ത്യൻ സിനിമ, ലോക സിനിമ തുടങ്ങി 15 ഓളം വിഭാഗങ്ങളിലായി 73 രാജ്യങ്ങളിൽനിന്നുള്ള 186 ചിത്രങ്ങൾ പ്രദർശിപ്പിക്കും.
അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ഈജിപ്ഷ്യൻ സംവിധായകൻ ഖൈറി ബെഷാറയാണ് ചെയർമാൻ . ഇറാനിയൻ നടി ഫാത്തിമ മൊദമ്മദ് ആര്യ, കസാഖ് സംവിധായകൻ അമീർ കരാക്കുലോവ്, സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് മേനോൻ, മറാത്തി സംവിധായകൻ നാഗരാജ് മഞ്ജുളെ എന്നിവരാണ് ജൂറി അംഗങ്ങൾ.
iffk starts today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here