ഇന്ത്യ – വെസ്റ്റിന്‍ഡീസ് ട്വന്റിട്വന്റി; തിരുവനന്തപുരത്ത് സുരക്ഷ ഒരുക്കുക 1000 പൊലീസുകാര്‍

മറ്റന്നാള്‍ (ഡിസംബര്‍ എട്ട് ) തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ – വെസ്റ്റിന്‍ഡീസ് ട്വന്റിട്വന്റി മത്സരത്തിന് സുരക്ഷയൊരുക്കുക 1000 പൊലീസുകാര്‍. സിറ്റി പൊലീസ് കമ്മീഷണര്‍ എം ആര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ ആറ് എസ്പിമാരും 16 ഡിവൈഎസ്പിമാരും 25 സിഐമാരും 100 മഫ്തി ഉദ്യോഗസ്ഥരും 850 പൊലീസ് ഉദ്യോഗസ്ഥരും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെയും നഗരത്തിന്റെയും സുരക്ഷാ ഗതാഗത ക്രമീകരണങ്ങള്‍ നിയന്ത്രിക്കും.
നഗരത്തിലെ ഗതാഗതകുരുക്കനുസരിച്ച് റോഡുകള്‍ വണ്‍വേ ആക്കുന്നതും വഴിതിരിച്ചു വിടുന്നതും പരിഗണിക്കുമെന്ന് ഡിസിപി ഇന്‍ചാര്‍ജ് ആര്‍ ഗോപകുമാര്‍, കഴക്കൂട്ടം എസിപി കെ എസ് അനില്‍കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Read More: വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സഞ്ജു സാംസണും
പാര്‍ക്കിംഗ് സൗകര്യങ്ങള്‍
എല്‍എന്‍സിപിഇ, കാര്യവട്ടം കേരള യൂണിവേഴ്സിറ്റി ക്യാമ്പസ്, യൂണിവേഴ്സിറ്റി ബിഎഡ് കോളജ്, യൂണിവേഴ്സിറ്റിക്ക് മുന്നിലുള്ള റോഡ് തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും പാര്‍ക്കിംഗ് അനുവദിക്കുക. ഇരുചക്ര വാഹനങ്ങള്‍ക്കായി സ്റ്റേഡിയത്തിന് ഇടതുവശത്തുള്ള ഗ്രൗണ്ടില്‍ പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. മത്സരത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസി തമ്പാനൂരില്‍ നിന്നും ആറ്റിങ്ങലില്‍ നിന്നും പ്രത്യേക സര്‍വീസുകള്‍ നടത്തും.
Read More: സഞ്ജു ഓപ്പണറായേക്കും; സൂചന നൽകി ബിസിസിഐ
നാലുമുതല്‍ പ്രവേശനം
കാണികള്‍ക്ക് വൈകിട്ട് നാല് മുതല്‍ പ്രധാന കവാടം വഴി സ്റ്റേഡിയത്തില്‍ പ്രവേശിക്കാം. ഇവിടെനിന്ന് മൂന്ന് സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം അനുവദിക്കപ്പെട്ടിരിക്കുന്ന ഗേറ്റുകള്‍ വഴി സ്റ്റേഡിയത്തില്‍ പ്രവേശിക്കാം. കാണികളുടെ തിരക്ക് പരിഗണിച്ച് നേരത്തെ പ്രവേശനം അനുവദിക്കുന്നത് പരിഗണിക്കും. സ്റ്റേഡിയത്തിനുള്ളിലേക്ക് കുപ്പിവെള്ളവും ശീതള പാനീയങ്ങളും, പ്ലാസ്റ്റിക്ക്, കുട, കമ്പി, വടി പോലുള്ള വസ്തുക്കള്‍, പീപ്പി പോലുള്ള വാദ്യോപകരണങ്ങള്‍, തീപ്പെട്ടി, സിഗററ്റ്, മറ്റ് ലഹരി വസ്തുക്കള്‍ തുടങ്ങിയവ കൊണ്ടുപോകാന്‍ അനുവദിക്കില്ല. മത്സരത്തിന്റെ 92 ശതമാനം ടിക്കറ്റുകളും വിറ്റുപോയെന്നും വരും ദിവസങ്ങളില്‍ ടിക്കറ്റ് വില്‍പ്പന പൂര്‍ണമാകുമെന്നും ജനറല്‍ കണ്‍വീനര്‍ സജന്‍ കെ വര്‍ഗീസ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here