സെഞ്ചുറി പിന്നിട്ട് സവാള; ഡബിള്‍ സെഞ്ചുറിയിലേക്ക് കുതിക്കുന്നു

സവാള വില കുതിച്ചുകയറുകയാണ്. സെഞ്ചുറി പിന്നിട്ട് ഡബിള്‍ സെഞ്ചുറിയിലേക്കാണ് സവാള വിലയുടെ പോക്ക്. ഇന്നലെ സവാള വില 150 പിന്നിട്ടിരുന്നു. മധുരയില്‍ ഒരു കിലോ സവാളയ്ക്ക് 180 രൂപയാണ് വില. ഹൈദരാബാദില്‍ 150 കടന്നു.
പ്രധാന മാര്‍ക്കറ്റുകളിലൊന്നും ലോഡ് എത്തുന്നില്ല. ലഭ്യത കുറഞ്ഞതോടെ വില ഇനിയും ഉയരാനാണ് സാധ്യത. കര്‍ണാടകയിലെ ഗദിക, അജ്ജാംപൂര്‍ എന്നിവിടങ്ങളിലെ സവാള പാടങ്ങളില്‍ വിളവെടുപ്പ് കഴിഞ്ഞു. മഹാരാഷ്ട്രയിലെ നാസിക്കില്‍ മാത്രമാണ് ഇനി വിളവെടുക്കാനുള്ളത്. കഴിഞ്ഞ വര്‍ഷം തീരെ വില ലഭിക്കാത്ത സാഹചര്യമായിരുന്നു. ഇതോടെ പല കര്‍ഷകരും സവാള കൃഷിയില്‍ നിന്ന് മറ്റ് കൃഷികളിലേക്ക് മാറിയിരുന്നു. ഇതും വിലക്കയറ്റത്തിന് കാരണമായി. സവാള പ്രധാനമായും ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയാണ് പ്രതിസന്ധിക്ക് പ്രധാന കാരണം.
അതേസമയം ഉള്ളിവില വര്‍ധനവ് പാര്‍ലമെന്റിലും ചര്‍ച്ചയായിരുന്നു. ഉള്ളി വില നിയന്ത്രിക്കാനായി സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടിയും ചെയ്തതായി ഇന്നലെ ധനകാര്യ മന്ത്രി അവകാശപ്പെട്ടിരുന്നു. വിലവര്‍ധന പ്രതിപക്ഷം ഇന്നും പാര്‍ലമെന്റില്‍ ഉന്നയിക്കും.
ഉള്ളിയുടെയും സവാളയുടെ വില വര്‍ധിക്കുമ്പോള്‍ കൊള്ളലാഭമുണ്ടാക്കുന്നത് ഇടനിലക്കാരാണ്. 140 രൂപ വിപണി വിലയുള്ള ഉള്ളിക്ക് കര്‍ഷകനു ലഭിക്കുന്നത് വെറും 30 രൂപ മാത്രമാണ്. നാസിക്കിലാണ് ഇത്തരത്തിലുള്ള കൊള്ള നടക്കുന്നത്. നാസിക്കില്‍ നിന്ന് 30 രൂപക്ക് വാങ്ങുന്ന ഉള്ളി മുംബൈയിലെത്തുമ്പോള്‍ 140 രൂപയാകുന്നു. നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് മൂന്നു മണിക്കൂര്‍ യാത്രാദൂരം മാത്രമാണുള്ളത്.
വില ഉയരാന്‍ കാരണം പൂഴ്ത്തിവെപ്പാണെന്ന പരാതിയും ഉയരുന്നുണ്ട്. തമിഴ്‌നാട്ടിലെ പല സ്ഥലങ്ങളിലും ചെറിയ ഉള്ളി ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും വില ക്രമാതീതമായി ഉയരുകയാണ്. ഉള്ളിവില നിയന്ത്രിക്കാന്‍ ഒരാഴ്ചയ്ക്കുള്ളില്‍ 460 ടണ്‍ സവാള സംസ്ഥാനത്ത് എത്തിക്കും.
story highlights – onion price hike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here