ഇന്നത്തെ പ്രധാന വാർത്തകൾ (07-12-2019)

ബലാത്സംഗക്കേസ് പ്രതികള്‍ തീകൊളുത്തിയ ഉന്നാവ് പെണ്‍കുട്ടി മരിച്ചു

ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ അക്രമികള്‍ തീകൊളുത്തിയ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി മരിച്ചു. ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് യുവതി മരണത്തിന് കീഴടങ്ങിയത്. വെള്ളിയാഴ്ച രാത്രി 11.40നാണ് മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. വ്യാഴാഴ്ചയാണ് പെണ്‍കുട്ടിയെ ലക്‌നൗവില്‍ നിന്ന് ദില്ലിയിലെത്തിച്ചത്. 90 ശതമാനം പൊള്ളലേറ്റ യുവതിയുടെ നില ഗുരുതരമായിരുന്നു

‘പ്രതികളെ വെടിവച്ച് കൊല്ലണം’; ഉന്നാവ് പെൺകുട്ടിയുടെ പിതാവ്

ഉന്നാവിലെ ബലാത്സംഗ കേസ് പ്രതികളെ വെടിവച്ച് കൊല്ലണമെന്ന് പെൺകുട്ടിയുടെ പിതാവ്. അഞ്ച് പ്രതികൾക്കും വധശിക്ഷ നൽകണമെന്ന് പെൺകുട്ടിയുടെ സഹോദരനും പറഞ്ഞു. വധശിക്ഷയിൽ കുറഞ്ഞ ശിക്ഷകൊണ്ട് സഹോദരിക്ക് നീതി ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാമ്പത്തിക പ്രതിസന്ധി; ജിഎസ്ടി നിരക്ക് പരിഷ്‌ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

സാമ്പത്തിക പ്രതിസന്ധി നേരിടാനുള്ള വിഭവ സമാഹരണത്തിന് ജിഎസ്ടി നിരക്കുകള്‍ പരിഷ്‌ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഒരു ലക്ഷം കോടി ഇതുവഴി ലഭ്യമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം. അതേസമയം ജിഎസ്ടി കൗണ്‍സിലില്‍ ഇക്കാര്യത്തില്‍ ഉയര്‍ന്നിട്ടുള്ളത് സമ്മിശ്ര അഭിപ്രായമാണ്.

ഹൈദരാബാദിൽ പ്രതികളെ വെടിവച്ചുകൊന്ന സംഭവം; നീതിയെന്നാൽ പ്രതികാരമല്ലെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ്

നീതി എന്നാൽ പ്രതികാരമല്ലെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. പ്രതികാരമായാൽ നീതിയുടെ സ്വഭാവം നഷ്ടമാകും. നീതി ഉടനടി സംഭവിക്കുന്ന ഒന്നല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ജോധ്പൂരിൽ രാജസ്ഥാൻ ഹൈക്കോടതി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ബോബ്ഡെ.

ജപ്പാൻ- കൊറിയ സന്ദർശനം സംസ്ഥാനത്തിന് ഏറെ ഗുണം ചെയ്തുവെന്ന് മുഖ്യമന്ത്രി

ജപ്പാൻ- കൊറിയ സന്ദർശനം സംസ്ഥാനത്തിന് ഏറെ ഗുണകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒസാൻ സോൾലോ എന്നിവിടങ്ങളിലെ മാലിന്യ സംസ്‌കരണ പ്ലാന്റുകൾ സന്ദർശിച്ചത് എടുത്തു പറയേണ്ട കാര്യമാണെന്ന് മുഖ്യമന്ത്രി തിരുവന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മാലിന്യം എങ്ങനെ സംസ്‌കരിക്കുന്നുവെന്നും മാലിന്യത്തിൽ നിന്ന് ഊർജം ഉത്പാദിപ്പിക്കുന്നതെങ്ങനെ എന്നും മനസിലാക്കാൻ കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന മാലിന്യ സംസ്‌കരണ രംഗത്ത് ഉപയോഗപ്പെടുത്താൻ കഴിയുന്ന ഒന്നാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഏപ്രിൽ ഒന്ന് മുതൽ എല്ലാ വാഹന ഉടമകളും മൊബൈൽ നമ്പർ ലിങ്ക് ചെയ്യണം

ഏപ്രിൽ ഒന്ന് മുതൽ എല്ലാ വാഹന ഉടമകളും മൊബൈൽ നമ്പർ വാഹൻ ഡേറ്റാബെയ്‌സുമായി ലിങ്ക് ചെയ്യണം. വാഹന രജിസ്‌ട്രേഷൻ, ഉടമസ്ഥാവകാശം എന്നീ സേവനങ്ങൾ ലഭിക്കണമെങ്കിൽ ഉടമയുടെ മൊബൈൽ നമ്പർ ലിങ്ക് ചെയ്യണമെന്ന് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More