വരാപ്പുഴ കസ്റ്റഡി മരണക്കേസ്: നാളെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കും

വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണക്കേസിൽ ക്രൈംബ്രാഞ്ച് നാളെ കുറ്റപത്രം സമർപ്പിക്കും. റൂറൽ ടൈഗർ ഫോഴ്‌സിലെ പൊലീസുകാരാണ് ആദ്യ മൂന്ന് പ്രതികൾ. എസ്‌ഐ ദീപക്കിനെ നാലാം പ്രതിയും സിഐ ക്രിസ്പിൻ സാമിനെ അഞ്ചാം പ്രതിയുമാക്കിയാണ് കുറ്റപത്രം സമർപ്പിക്കുന്നത്. വരാപ്പുഴ സ്റ്റേഷനിലെ നാലു പൊലീസുകാരും പ്രതിപ്പട്ടികയിലുണ്ട്. ആലുവ റൂറൽ എസ്പിയായിരുന്ന എവി ജോർജ് ഉൾപ്പെടെ കേസിൽ ആകെ 175 സാക്ഷികളുണ്ട്.

2018 ഏപ്രിൽ ഒമ്പതിനാണ് ക്രൂരമായ കസ്റ്റഡി മർദനത്തിനിരയായി വരാപ്പുഴ സ്വദേശി ശ്രീജിത്ത് കൊല്ലപ്പെട്ടത്. സംഭവം നടന്ന് ഒരു വർഷം പിന്നിട്ടെങ്കിലും കുറ്റപത്രം സമർപ്പിക്കുന്നതിലെ കാലതാമസം വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

Read Also: വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണത്തില്‍ എ.വി ജോര്‍ജ്ജിനെ കുറ്റ വിമുക്തനാക്കി; ജോര്‍ജിന് ഡിഐജിയായി സ്ഥാനക്കയറ്റം നല്‍കും

കഴിഞ്ഞ മാസം അഡ്വ. പിജി മനുവിനെ കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ചതോടെയാണ് കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കം ക്രൈംബ്രാഞ്ച് ഊർജിതമാക്കിയത്. പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയതിന് പിന്നാലെ സസ്‌പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരെല്ലാം സർവീസിൽ തിരിച്ചെത്തിയിരുന്നു. ഗൂഢാലോചനയിൽ പങ്കുള്ളതായി ആരോപണം നേരിട്ട മുൻ റൂറൽ എസ്പി എവി ജോർജിനെതിരെ വകുപ്പുതല നടപടി എടുത്തെങ്കിലും പ്രതിപ്പട്ടികയിൽ നിന്ന് നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു.

വരാപ്പുഴ ദേവസ്വംപാടം സ്വദേശി വാസുദേവന്റ ആത്മഹത്യ കേസുമായി ബന്ധപ്പെട്ടാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. ആലുവ റൂറൽ എസ്പിയായിരുന്ന എവി ജോർജിന്റെ പ്രത്യേക സ്‌ക്വാഡായ റൂറൽ ടൈഗർ ഫോഴ്സായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. വാഹനത്തിൽ കൊണ്ടുപോകുന്ന വഴി ജീപ്പിലിട്ടും തുടർന്ന് സ്റ്റേഷനിലും ശ്രീജിത്ത് ക്രൂരമർദനത്തിനിരയായി കൊല്ലപ്പെട്ടുവെന്നാണ് കേസ്.

പോസ്റ്റുമോർട്ടത്തിൽ ശ്രീജിത്തിന്റെ ശരീരത്തിൽ 18 മുറിവുകൾ കണ്ടെത്തിയിരുന്നു. മർദനമേറ്റ മുറിവുകൾ ഉൾപ്പെടെ നേരിട്ടുള്ള തെളിവുകളും ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കേസിലെ ഗൂഢാലോചന സംബന്ധിച്ച വിവരങ്ങൾ പുറത്ത് വന്നിട്ടില്ലെന്ന് കുടുംബം ആരോപിക്കുന്നു.

 

 

 

crime branch,  varapuzha custody death

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top