ബലാത്സംഗ കൊലപാതകക്കേസ് പ്രതികളെ പൊലീസ് വെടിവച്ചു കൊന്ന സംഭവം സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഹൈദരാബാദില്‍ ബലാത്സംഗ കൊലപാതകക്കേസിലെ പ്രതികളെ പൊലീസ് വെടിവച്ചു കൊന്നത് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. നീതി ഒരിക്കലും പ്രതികാരത്തിന്റെ രൂപമെടുക്കരുതെന്നും പ്രതികാരമായി മാറിയാല്‍ നീതിയുടെ സ്വഭാവം നഷ്ടപ്പെടുമെന്നും വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെക്ക് മുന്നിലാണ് പൊതുതാല്‍പര്യഹര്‍ജികള്‍ എത്തുന്നത്.
പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രതികളെ വെടിവച്ചു കൊന്നതിനെതിരെ സുപ്രീംകോടതി അഭിഭാഷകരായ ജി എസ് മണി, പ്രദീപ് കുമാര്‍ യാദവ്, എം എല്‍ ശര്‍മ എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്. പൊലീസ് നിയമം കൈയിലെടുത്തു. തെളിവെടുപ്പ് പോലും പൂര്‍ത്തിയാകാത്ത കേസിലാണ് പൊലീസ് പ്രതികളെ വെടിവച്ചു കൊന്നതെന്ന് ഹര്‍ജിയില്‍ ആരോപിച്ചു. പൊതുജനത്തിന്റെ ശ്രദ്ധതിരിക്കാനാണ് നടപടി.
സംഭവം റിട്ടയേര്‍ഡ് സുപ്രീംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിക്കണം. വെടിവയ്പ്പിനെ സ്വാഗതം ചെയ്ത ജനപ്രതിനിധികള്‍ക്കെതിരെയും നടപടി വേണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെക്ക് പുറമേ ജസ്റ്റിസുമാരായ എസ് അബ്ദുള്‍ നസീര്‍, സഞ്ജീവ് ഖന്ന എന്നിവരാണ് ബെഞ്ചിലുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here