പൗരത്വ ഭേദഗതി ബിൽ: മുസ്‌ലിം ലീഗ് എംപിമാർ സുപ്രിം കോടതിയിൽ

പൗരത്വ ഭേദഗതി ബില്ലിനെതിരെ സുപ്രിം കോടതിയിൽ പ്രതിപക്ഷത്തിന്റെ ആദ്യ ഹർജി. മുസ്‌ലിം ലീഗ് എംപിമാരാണ് കോടതിയെ സമീപിച്ചത്. മുസ്‌ലിം മത വിഭാഗത്തെ മാത്രം ഒഴിവാക്കിയ ബിൽ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ നിരാകരിക്കുന്നതാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

Read Also: പൗരത്വ ഭേദഗതി ബിൽ; പ്രതിഷേധം കത്തിപ്പടരുന്നു; അസമിൽ ഇന്ന് ബന്ദ്

പൗരത്വ ഭേദഗതി ബിൽ ലോക്‌സഭയും പിന്നിട്ട് രാജ്യസഭയും കടന്നതോടെയാണ് പ്രതിപക്ഷം സുപ്രിം കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചത്. തുല്യത ഉറപ്പ് നൽകുന്ന ഭരണഘടനയിലെ അനുച്ഛേദം പതിനാലിന്റെ നഗ്‌നമായ ലംഘനമാണെന്ന് മുസ്‌ലിം ലീഗ് സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്.

മുസ്‌ലിം കുടിയേറ്റക്കാർക്ക് മാത്രം പൗരത്വം നിഷേധിക്കുന്നത് കടുത്ത വിവേചനമാണ്. ബിൽ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഇവർ ആവശ്യപ്പെടുന്നു.

കൂടുതൽ പ്രതിപക്ഷ പാർട്ടികൾ ബില്ലിനെതിരെ കോടതിയെ സമീപിക്കും. മുസ്‌ലിം ലീഗിന് വേണ്ടി മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കപിൽ സിബലാകും ഹാജരാകുക.

ഇന്നലെയാണ് പൗരത്വ ഭേദഗതി ബിൽ ലോക്‌സഭക്ക് പിന്നാലെ രാജ്യസഭയിലും പാസായത്. 125 പേർ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 105 പേർ എതിർപ്പ് രേഖപ്പെടുത്തി. രാജ്യസഭ കടന്ന ബില്ല് രാഷ്ട്രപതി ഒപ്പിടുന്ന മുറക്ക് നിയമമായി മാറും. 80 നെതിരെ 311 വോട്ടുകൾക്കാണ് ലോക്‌സഭ ബില്ലിന് അംഗീകാരം നൽകിയത്.

 

 

citizenship amendment bill, muslim league

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top