മധ്യനിര തകർന്നടിയുന്നു; ഇന്ത്യ പരുങ്ങലിൽ

വെസ്റ്റ് ഇൻഡീസിനെതിരായ അവസാന ഏകദിന മത്സരത്തിൽ ഇന്ത്യ പരുങ്ങുന്നു. ഉജ്ജ്വല തുടക്കത്തിനു ശേഷം മധ്യനിര കളിമറന്നതാണ് ആതിഥേയരെ പിന്നോട്ടടിക്കുന്നത്. നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിൽ ഇറങ്ങിയ ശ്രേയാസ് അയ്യർ, ഋഷഭ് പന്ത്, കേദാർ ജാദവ് എന്നിവർ യഥാക്രമം 7, 7, 9 റൺസുകൾ മാത്രം സ്കോർ ചെയ്ത് പുറത്തായി. ഒരു വശത്ത് മികച്ച രീതിയിൽ ബാറ്റിംഗ് തുടരുന്ന ക്യാപ്റ്റൻ വിരാട് കോലിക്ക് പിന്തുണ നൽകാൻ മധ്യനിരക്ക് സാധിച്ചില്ല.
അനായാസമായിരുന്നു ഇന്ത്യൻ ഓപ്പണർമാരുടെ ബാറ്റിംഗ്. ഓവറിൽ ആറു റൺസെന്ന നിരക്ക് കൃത്യമായി കാത്തു സൂക്ഷിച്ച ഇരുവരും ചേസിംഗിൻ്റെ സമ്മർദ്ദങ്ങളൊന്നുമില്ലാതെയാണ് ബാറ്റ് വീശിയത്. രാഹുൽ 49 പന്തുകളിലും രോഹിത് 52 പന്തുകളിലും അർധസെഞ്ചുറി തികച്ചു. അനായാസം മുന്നോട്ടു പോകവെ ആണ് രോഹിത് പുറത്തായത്. രണ്ടാം സ്പെല്ലിനായി മടങ്ങി വന്ന ജേസൻ ഹോൾഡറിൻ്റെ പന്തിൽ വിക്കറ്റ് കീപ്പർ ഷായ് ഹോപ്പിൻ്റെ കൈകളിൽ അവസാനിക്കുമ്പോൾ രാഹുലുമായി 122 റൺസിൻ്റെ ആദ്യ വിക്കറ്റ് കൂട്ടുകെട്ടിൽ രോഹിത് പങ്കാളിയായിരുന്നു.
പിന്നാലെ വിരാട് ക്രീസിലെത്തി. നന്നായിത്തന്നെയാണ് വിരാട് തുടങ്ങിയതെങ്കിലും മധ്യ ഓവറുകളിൽ വിൻഡീസ് ഉജ്ജ്വലമായി പന്തെറിഞ്ഞതോടെ ഇന്ത്യൻ സ്കോറിംഗ് റേറ്റ് താഴ്ന്നു. 30ആം ഓവറിൽ ലോകേഷ് രാഹുൽ പുറത്തായി. അൽസാരി ജോസഫിൻ്റെ പന്തിൽ ഷായ് ഹോപ്പ് പിടിച്ചാണ് രാഹുൽ പുറത്തായത്. 77 റൺസെടുത്ത രാഹുൽ കോലിയുമായി 45 റൺസ് കൂട്ടിച്ചേർത്തിരുന്നു. ശേഷമായിരുന്നു തകർച്ച. കീമോ പോലിൻ്റെ പന്തിൽ ശ്രേയാസ് അയ്യരെ (7) അൽസാരി ജോസഫ് പിടികൂടിയപ്പോൾ ഋഷഭ് പന്തിനെ (7) കീമോ പോൾ ക്ലീൻ ബൗൾഡാക്കി. കേദാർ ജാദവിൻ്റെ (9) കുറ്റി പിഴുത ഷെൽഡൻ കോട്രൽ ഇന്ത്യൻ മധ്യനിരയുടെ പതനം പൂർത്തിയാക്കി.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 40 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 237 എന്ന നിലയിലാണ്. കോലി 64 റൺസെടുത്തും ജഡേജ 6 റൺസെടുത്തും ക്രീസിൽ തുടരുന്നു.
Story Highlighhts: India vs West Indies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here