ഹാരിസൺ കേസുകളുടെ മേൽനോട്ടത്തിന് പ്രത്യേക സെൽ രൂപീകരിക്കാൻ റവന്യൂ വകുപ്പിന്റെ തീരുമാനം 

ഹാരിസൺ കേസുകളുടെ നിരീക്ഷണത്തിനും മേൽനോട്ടത്തിനുമായി പ്രത്യേക സെൽ രൂപീകരിക്കാൻ റവന്യൂ വകുപ്പ് തീരുമാനിച്ചു. ഭൂമിയുടെ ഉടമസ്ഥത തെളിയിക്കാൻ ജില്ലാ കളക്ടർമാർ സിവിൽ കോടതിയിൽ കേസുകൾ നൽകിയിട്ടുള്ള സാഹചര്യത്തിലാണിത്. കേസുകൾ പരാജയപ്പെടാതിരിക്കാനുള്ള മുൻ കരുതലെടുക്കുകയും കേസ് നടത്തിപ്പിൽ ഫലപ്രദമായി ഇടപെടുകയുമാണ് പ്രത്യേക സെല്ലിന്റെ ലക്ഷ്യം. ട്വന്റിഫോർ എക്സ്‌ക്ലൂസീവ്.

ഹാരിസൺ മലയാളം പ്ലാന്റേഷൻസും അവരുടെ മുൻഗാമികളും അനധികൃതമായി കെവശംവച്ചിരിക്കുന്ന ഭൂമി തിരിച്ചെടുക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ സ്പെഷ്യൽ ഓഫീസർക്ക് ഇതിനുള്ള അധികാരമില്ലെന്നും ഉടമസ്ഥാവകാശം തെളിയിക്കാൻ സിവിൽ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയും സുപ്രിംകോടതിയും ഭൂമി ഏറ്റെടുക്കുന്നത് തടഞ്ഞു. തുടർന്നാണ് സർക്കാരിന്റെ നിർദേശപ്രകാരം ഹാരിസണിന് ഭൂമിയുള്ള ജില്ലകളിലെ സിവിൽ കോടതികളിൽ ജില്ലാ കളക്ടർമാർ കേസ് ഫയൽ ചെയ്തത്. ഹാരിസൺ കൈവശം വച്ചിരിക്കുന്ന 76000 ഏക്കർ ഭൂമിയുടേയും ഉടമസ്ഥത സർക്കാരിന് ലഭിക്കണമെന്നും ഈ കേസുകളിൽ പരാജയപ്പെടരുതെന്നും സർക്കാർ ജില്ലാ കളക്ടർമാർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ മേൽനോട്ടത്തിന് വേണ്ടിയാണ് പ്രത്യേക സെൽ രൂപീകരിക്കാൻ തീരുമാനിച്ചത്.

ഇതിനുള്ള നടപടികൾ എ1/116/18 ഫയലിൽ സ്വീകരിക്കാനാണ് റവന്യൂമന്ത്രി എ. ചന്ദ്രശേഖരൻ നിർദേശിച്ചത്. ഭൂമി സംബന്ധിച്ച കേസുകൾ നിരന്തരം പരാജയപ്പെടുകയാണെന്ന് വിലയിരുത്തിയാണ് കേസ് നടത്തിപ്പിനും നിരീക്ഷണത്തിനുമായി പ്രത്യേക സെൽ രൂപീകരിക്കുന്നത്. റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കായിരിക്കും സെല്ലിന്റെ ചുമതല. കേസ് നടത്തിപ്പ് ഏകോപിപ്പിക്കുന്നതും അഡ്വക്കേറ്റ് ജനറൽ ഓഫീസുമായി ആശയ വിനിമയം നടത്തുന്നതും ഈ സെൽ ആയിരിക്കും. കേസിന്റെ ഓരോ സിറ്റിംഗിലുമുള്ള വിശദാംശങ്ങൾ റിപ്പോർട്ടാക്കി സർക്കാരിന് സമർപ്പിക്കും.

story highlights- harison case, special cell

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top