പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച് അറസ്റ്റിലായവർക്ക് ഐക്യദാർഢ്യം; ബിരുദം നിരസിച്ച് ബനാറസ് സർവകലാശാല വിദ്യാർത്ഥി: വീഡിയോ

പൗരത്വ നിയമഭേദഗതിക്കെതിരെയും പൗരത്വ രജിസ്റ്ററിനെതിരെയുമുള്ള വിദ്യാർത്ഥി പ്രതിഷേധം തുടരുന്നു. തൻ്റെ ബിരുദം നിരസിച്ചു കൊണ്ട് ബനാറസ് ഹിന്ദു സർവകലാശാല വിദ്യാർത്ഥിയാണ് പ്രതിഷേധങ്ങളിൽ പങ്കായത്. ഇതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

വാരണാസിയിൽ സിഎഎക്കെതിരെയും എൻആർസിക്കെതിരെയും പ്രതിഷേധം നടത്തിയ 70ഓളം പേർ അറസ്റ്റിലായിരുന്നു. ഇവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ഹിസ്റ്ററി ഓഫ് ആർട്സ് വിദ്യാർത്ഥിയായ രജത് സിംഗ് തൻ്റെ എംഎ ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ചത്. ബിരുദദാനച്ചടങ്ങിൽ വേദിയിലേക്ക് വന്ന രജത് സിംഗ് ബിരുദം നൽകാനെത്തിയ ആളുടെ ചെവിയിൽ എന്തോ പറയുന്നത് വീഡിയോയിൽ കാണാം. തുടർന്ന് ബിരുദം സ്വീകരിക്കാതെ അദ്ദേഹം മടങ്ങുകയാണ്. തുടർന്നാണ് താൻ എന്തു കൊണ്ട് ബിരുദം സ്വീകരിച്ചില്ലെന്ന് അദ്ദേഹം വിശദീകരിച്ചത്.

“സിഎഎക്കെതിരെ ഡിസംബർ 19നു നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്ത ചില വിദ്യാർത്ഥികൾ അറസ്റ്റിലായിരുന്നു. അതുകൊണ്ടാണ് ഞാൻ ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ചത്. ഞാൻ ഈ അറസ്റ്റുകളെ എതിർക്കുന്നു. ഞാൻ ഈ വർഗീയ നിയമത്തെ പ്രതികൂലിക്കുന്നു. രാജ്യത്തെ വിഘടിക്കുന്ന ഏത് നിയമത്തെയും ഞാൻ എതിർക്കുന്നു. ഇന്ന് ഞങ്ങളോടൊപ്പം ഈ ചടങ്ങിൽ പങ്കെടുക്കേണ്ട വിദ്യാർത്ഥികളും അറസ്റ്റിലായവരിൽ പെടും. അവരെ സർവകലാശാല ശ്രദ്ധിക്കുന്നേയില്ല. അതുകൊണ്ടാണ് ഞാൻ ബിരുദം നിരസിച്ചത്”- രജത് സിംഗ് പറഞ്ഞു.

Story Highlights: CAA, NRC, Protest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top