‘ഛപാക്കി’ന് ഉയരെയുമായി സാദൃശ്യമുണ്ടോ?; ദീപിക പദുക്കോൺ പറയുന്നു
ദീപിക പദുക്കോണിൻ്റെ ഏറ്റവും പുതിയ സിനിമയാണ് ഛപാക്ക്. ജനുവരി 20നാണ് സിനിമ റിലീസാവുന്നത്. ആസിഡ് ആക്രമണം നേരിടേണ്ടി വന്ന ലക്ഷ്മി അഗർവാൾ എന്ന യുവതിയുടെ കഥ പറയുന്ന സിനിമക്കായി സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മലയാളത്തിൽ, നടി പാർവതി മുഖ്യ കഥാപാത്രമായെത്തിയ ഉയരെ എന്ന സിനിമയും ആസിഡ് ആക്രമണത്തെപ്പറ്റിയുള്ളതായിരുന്നു. രണ്ട് സിനിമകളും തമ്മിൽ ബന്ധമുണ്ടോ എന്നതായിരുന്നു ആരാധകർക്ക് അറിയേണ്ടത്. ഇക്കാര്യത്തിൽ ഛപാക്കിലെ മുഖ്യതാരം ദീപിക പദുക്കോൺ തന്നെ വിശദീകരണവുമായി എത്തിയിരിക്കുകയാണ്.
ഒരു വിഷയത്തിൽ ആർക്കു വേണമെങ്കിലും സിനിമ ചെയ്യാൻ കഴിയുമെന്നായിരുന്നു ദീപികയുടെ മറുപടി. വ്യത്യസ്തമായാണ് കഥകൾ അവതരിപ്പിക്കുക എന്നും ഉയരെയുമായി സിനിമക്ക് സാദൃശ്യമില്ലെന്നും ദീപിക വ്യക്തമാക്കി. ഓരോ ചിത്രത്തിനും ഓരോ സ്വഭാവമുണ്ട്. സിനിമ വളരെ ശക്തമായൊരു മാധ്യമമായതു കൊണ്ടാണ് ഈ കഥ തെരഞ്ഞെടുത്തതെന്നും ദീപിക പറഞ്ഞു.
ആസിഡ് ആക്രമണം രാജ്യത്ത് നിലനിൽക്കുന്ന ഒന്നാണെനും ദീപിക വിവരിച്ചു. എന്നാൽ അത് ചർച്ച ചെയ്യപ്പെടുന്നില്ല. കഴിഞ്ഞ വർഷം ഷബാന ആസ്മിയും ആസിഡ് ആക്രമണവുമായി ബന്ധപ്പെട്ട സിനിമ (ഷോർട്ട് ഫിലിം) ചെയ്തിരുന്നുവെന്നും ദീപിക കൂട്ടിച്ചേർത്തു.
2005ലായിരുന്നു ലക്ഷ്മി അഗർവാളിന് ആസിഡ് ആക്രമണം നേരിടേണ്ടി വന്നത്. അന്ന് 15 വയസ്സുകാരിയായിരുന്ന ലക്ഷ്മിയെ നദീം ഖാൻ എന്ന 32കാരനാണ് ആക്രമിച്ചത്. തുടർന്ന് സ്റ്റോപ് സെയിൽ ആസിഡ് എന്ന പേരിൽ ക്യാമ്പയിൻ ആരംഭിച്ച അവർക്ക് ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള അസിഡ് ആക്രമണ ഇരകളുടെ ശബ്ദമായിരുന്നു ലക്ഷ്മി.
Story Highlights: Deepika Padukone, Uyare, Parvathy Thiruvoth, Chhapak
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here