പൗരത്വ നിയമ ഭേദഗതി: കോൺഗ്രസ് സർക്കാരുകൾ എതിർപ്രമേയം അവതരിപ്പിക്കില്ല

പൗരത്വ നിയമ ഭേദഗതിയിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകൾ എതിർപ്രമേയ അവതരണത്തിൽ നിന്ന് പിന്മാറി. കേരള മാതൃകയിൽ പ്രമേയം അവതരിപ്പിക്കില്ലെന്ന് മധ്യപ്രദേശ്, രാജസ്ഥാൻ സർക്കാരുകൾ വ്യക്തമാക്കി. മഹാരാഷ്ട്രയിലും പൗരത്വ ഭേദഗതിക്ക് എതിരായി പ്രമേയം അവതരിപ്പിക്കില്ല.
Read Also: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി നിയമസഭ
കഴിഞ്ഞ ദിവസമാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറിയത്. നിയമ ഭേദഗതി റദ്ദാക്കണമെന്ന ഉള്ളടക്കമുള്ള പ്രമേയം ഭരണ- പ്രതിപക്ഷാംഗങ്ങൾ ഒരേസ്വരത്തിൽ അനുകൂലിച്ചു. മറ്റ് സംസ്ഥാന ജനപ്രതിനിധി സഭകൾക്ക് മാതൃകയായ നടപടിയാണിതെന്ന് സ്പീക്കർ പി രാമകൃഷ്ണൻ പറഞ്ഞു.
അതേസമയം, ദേശീയ ജനസംഖ്യാ രജിസ്റ്റർ പുതുക്കുന്ന വിഷയത്തിൽ സംസ്ഥാനങ്ങളുടെ എതിർപ്പ് കേന്ദ്രസർക്കാർ തള്ളി. നടപടികളുമായി മുന്നോട്ട് പോകുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങളെ അറിയിക്കും.
ദേശീയ ജനസംഖ്യാ രജിസ്റ്റർ പുതുക്കുന്ന വിഷയത്തിൽ വിവിധ സംസ്ഥാനങ്ങൾ പരസ്യമായി ആശങ്കകൾ ഉന്നയിച്ചിരുന്നു. പൗരത്വ രജിസ്റ്റർ ഉണ്ടാക്കുന്നതിന്റെ മുന്നോടിയായാണ് നടപടി എന്നതടക്കമായിരുന്നു വിമർശനം. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും തമ്മിൽ ബന്ധമില്ലെന്ന നിലപാട് സ്വീകരിച്ചു, പക്ഷെ സംസ്ഥാന സർക്കാരുകളുടെ നിലപാടിൽ മാറ്റം ഉണ്ടായില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here