തിരുവനന്തപുരം നഗരത്തിലെ ജലവിതരണം നാളെ പുലർച്ചയോടെ പൂർവസ്ഥിതിയിലാകും

അരുവിക്കര ജലശുദ്ധീകരണശാല നവീകരണത്തിന്റെ രണ്ടാംഘട്ടം പൂർത്തിയായി. പുതിയ പമ്പുകൾ പ്രവർത്തന സജ്ജമാകുന്നതോടെ തിരുവനന്തപുരം നഗരത്തിലെ ജലവിതരണം നാളെ പുലർച്ചെ പൂർവസ്ഥിതിയിലാകുമെന്നാണ് വിവരം.
86 എംഎൽഡി ശേഷിയുള്ള ജലശുദ്ധീകരണശാലയുടെ നവീകരണത്തിന്റെ രണ്ടാം ഘട്ടത്തിൽ രണ്ട് പമ്പ് ഹൗസുകളിൽ ഓരോ പമ്പ് സെറ്റ് വീതം സ്ഥാപിക്കൽ, പുതിയ ഇലട്രിക് പാനലുമായി പമ്പുകൾ ബന്ധിപ്പിക്കൽ എന്നിവയാണ് നടന്നത്.
ഇതിനായി പമ്പിംഗ് നിർത്തിച്ചതിനാൽ ജലവിതരണത്തിന് ബദൽ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ആദ്യഘട്ട നവീകരണ സമയത്ത് സ്ഥാപിച്ച കിയോസ്‌കുകൾ അവിടെത്തന്നെ നിലനിർത്തി. ഉപയോഗമനുസരിച്ച് ഇവയിൽ വെള്ളം നിറയ്ക്കും. ആശുപത്രികൾക്കും മറ്റ് സ്ഥാപനങ്ങൾക്കും ആവശ്യമനുസരിച്ച് ടാങ്കറുകളിൽ വെള്ളമെത്തിക്കും.
കാലപ്പഴക്കം ചെന്ന പമ്പ് സെറ്റുകളും അനുബന്ധ ഉപകരണങ്ങളും മാറ്റുന്നതിന് വേണ്ടി നാല് ഘട്ടങ്ങളിലായാണ് ജലശുദ്ധീകരണശാലയുടെ നവീകരണം നടത്തുന്നത്. എല്ലാ ഘട്ടവും പൂർത്തിയാക്കുന്നതോടെ നഗരത്തിൽ പ്രതിദിനം 10 ദശലക്ഷം ലിറ്റർ ജലം കൂടുതലായി എത്തിക്കാൻ സാധിക്കും. ആദ്യഘട്ട നവീകരണം ഡിസംബർ 13ന് പൂർത്തീകരിച്ചിരുന്നു.
aruvikkara water plant
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here