മുത്തൂറ്റ് എംഡി ജോര്‍ജ് അലക്സാണ്ടറിന്‍റെ വാഹനത്തിന് നേരെ കല്ലേറ്; തലക്ക് പരുക്ക്

മുത്തൂറ്റ് എംഡി ജോര്‍ജ് അലക്സാണ്ടറിന്‍റെ വാഹനത്തിന് നേരെ കല്ലേറ്. ഇന്ന് രാവിലെയായിരുന്നു സംഭവം. കല്ലേറില്‍ തലയ്ക്ക് പരിക്കേറ്റ ജോര്‍ജ് അലക്സാണ്ടറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
43 ശാഖകളിൽ നിന്ന് യൂണിയൻ സെക്രട്ടറി ഉൾപ്പടെ 166 ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ ബുധനാഴ്ച മുതൽ സിഐടിയുവിന്‍റെ നേതൃത്വത്തിലൂള്ള പണിമുടക്ക് തുടങ്ങിയിരുന്നു. ഇതിനിടെയാണ് കല്ലേറ് നടന്നത്.
കഴിഞ്ഞ ശനിയാഴ്ചയാണ് ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് ഇമെയിൽ വഴി നൽകിയത്. ഇതിന് പിന്നാലെ ജീവനക്കാർക്ക് ജോലി ചെയ്ത കാലയളവിലേക്കുള്ള തുക അക്കൗണ്ടിൽ നൽകുകയും ചെയ്തു. കേരളത്തില്‍ ഇപ്പോള്‍ തന്നെ 800 ജീവനക്കാര്‍ അധികമാണെന്നും പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാനാകില്ലെന്നും മാനേജ്മെന്റ് വ്യക്തമാക്കി. സമരം ചെയ്യുന്നവർ വേണമെങ്കിൽ കോടതിയെ സമീപിക്കട്ടെയെന്നും മുത്തൂറ്റ് എംഡി പറഞ്ഞു.
അതേസമയം മാനേജ്മെന്റിന്റേത് നേരത്തെ സമരം ചെയ്തതിലുള്ള പകപോക്കല്‍ നടപടിയാണെന്ന് സമരക്കാര്‍ ആരോപിക്കുന്നു. യൂണിയൻ സെക്രട്ടറി ഉൾപ്പടെയുള്ളവരെ പിരിച്ചുവിട്ട നടപടി പിന്‍വലിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
പിരിച്ചുവിടല്‍ പിന്‍വലിക്കുന്നതുവരെ ജീവനക്കാരുടെ പണിമുടക്ക് തുടരുമെന്ന് സിഐടിയു പറഞ്ഞിരുന്നു. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ മാനേജ്‌മെന്റ് ലംഘിച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ആരോപിച്ചു. പണത്തിന്റെ ഹുങ്കു കൊണ്ട് എന്തും ആവാമെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: Muthoot Finance, CITU
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here