മരടിൽ ഒന്നും സംഭവിക്കില്ലെന്ന് ആവർത്തിച്ച് ജെറ്റ് ഡിമോളിഷൻസ് കമ്പനി

തീരദേശ പരിപാലന നിയം ലംഘിച്ച് നിർമിച്ച മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ഫ്‌ളാറ്റ് പൊളിക്കുന്നതിന്റെ ഭാഗമായി രാവിലെ എട്ട് മണി മുതൽ വൈകിട്ട് നാല് മണിവരെയാണ് നിരോധനാജ്ഞ. ശനിയാഴ്ച രാവിലെ 10.30ന് എച്ച്ടുഒ ഹോളി ഫെയ്ത്ത് ഫ്‌ളാറ്റിൽ ആദ്യ സൈറൻ മുഴങ്ങും. ശേഷം ഫ്‌ളാറ്റിന്റെ 200 മീറ്റർ ചുറ്റളവിൽ നിന്ന് ആളൊഴിഞ്ഞെന്ന് ഒന്നുകൂടി ഉറപ്പ് വരുത്തും. പിന്നാലെ 11 മണിക്ക് ആദ്യ സ്‌ഫോടനം നടക്കും. മിനിട്ടുകളുടെ ഇടവേളയിൽ ഫ്‌ളാറ്റുകൾ നിലംപൊത്തും.
ഫ്‌ളാറ്റുകൾ പൊളിക്കാനുള്ള ചുമതല ജെറ്റ് ഡിമോളിഷൻസ് എന്ന കമ്പനിക്കാണ്. ജെറ്റ് ഡിമോളിഷൻസ് അവസാനമായി പൊളിച്ചത് ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബർഗിലെ ബാങ്ക് ഓഫ് ലിസ്ബൺ കെട്ടിടമായിരുന്നു. 2019 നവംബർ 24നായിരുന്നു നിയന്ത്രിത സ്ഫോടനത്തിലൂടെ ബാങ്ക് ഓഫ് ലിസ്ബൺ കെട്ടിടം പൊളിച്ചത്.
108 മീറ്റർ ഉയരവും 31 നിലകളുമുള്ള ബാങ്ക് ഓഫ് ലിസ്ബൺ കെട്ടിടം തകർക്കുന്നത് ജെറ്റ് ഡിമോളിഷൻസ് എന്ന കമ്പനിക്ക് വലിയ വെല്ലുവിളിയായിരുന്നു. നേരത്തെ ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ 140 മീറ്റർ ഉയരമുള്ള കെട്ടിടം പൊളിച്ച് പരിചയമുള്ള ജെറ്റ് ഡിമോളിഷൻസിന് 108 മീറ്റർ ഉയരമുള്ള ലിസ്ബൺ ബാങ്ക് കെട്ടിടം പൊളിക്കുന്നതിലുള്ള വെല്ലുവിളി തൊട്ടടുത്തുള്ള കെട്ടിടങ്ങൾ തന്നെയായിരുന്നു. നൂറ് മീറ്ററിനുള്ളിൽ മറ്റ് ബഹുനിലക്കെട്ടിടങ്ങൾ നിൽക്കുന്ന പ്രദേശത്തായിരുന്നു ലിസ്ബൺ കെട്ടിടം സ്ഥിതി ചെയ്തിരുന്നത്.
അരമിനിറ്റിൽ താഴെ സമയം കൊണ്ട് അന്ന് ലിസ്ബൺ ബാങ്ക് കെട്ടിടം നിലം പൊത്തുമ്പോൾ തൊട്ടടുത്തുള്ള ഒരു കെട്ടിടത്തിനും തകരാറുണ്ടായില്ല. 894 കിലോ സ്‌ഫോടകവസ്തുക്കളാണ് അന്ന് ഉപയോഗിച്ചത്. സമീപവാസികളായ 2000 പേരെ ഒഴിപ്പിച്ചു. ഉയർന്നുപൊങ്ങിയ പൊടിപടലങ്ങൾ 15 നില കെട്ടിടത്തിന്റെ അത്ര ഉയരത്തിൽ പുകാപടലം സൃഷ്ടിച്ചു. കൃത്യമായും നിശ്ചയിച്ച കോണുകളിൽ 47 ഡിഗ്രി മുതൽ 37 ഡിഗ്രിവരെ കോൺ വ്യത്യാസത്തിൽ ഓരോ വശങ്ങളിലേക്കും ചരിഞ്ഞുകൊണ്ടായിരുന്നു കെട്ടിടം തകർന്നുവീണത്.
180 മീറ്ററിൽ കൂടുതൽ ഉയരമുള്ള കെട്ടിടത്തിന് പോലും അന്ന് ഒരു പോറലും സംഭവിച്ചില്ല. അതുതന്നെയാണ് മരടിൽ ഫ്ളാറ്റ് പൊളിക്കുമ്പോഴും ജെറ്റ് ഡിമോളിഷൻസ് കമ്പനിയുടെ അധികൃതർ ആവർത്തിക്കുന്നത്. ഇവിടെയും സമീപ പ്രദേശങ്ങളിലുള്ള ഒരു കെട്ടിടത്തിനും ഒന്നും സംഭവിക്കില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here