Advertisement

സംസ്ഥാനത്തെ ഹജ്ജ് നറുക്കെടുപ്പ് പൂർത്തിയായി; 10834 പേർക്ക് അവസരം

January 14, 2020
Google News 1 minute Read

സംസ്ഥാന സർക്കാരിന്റെ കീഴിൽ പോകുന്ന ഈ വർഷത്തെ ഹജ്ജ് തീര്‍ഥാടകരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് പൂര്‍ത്തിയായി. സംസ്ഥാനത്ത് നിന്നും 10834 പേർക്കാണ് ഇത്തവണ ഹജ്ജിന് പോകാനുള്ള അവസരം. നറുക്കെടുപ്പില്ലാതെ 2832 ആളുകള്‍ക്ക് നേരിട്ട് ഹജ്ജിന് അവസരം ലഭിച്ചു.

മന്ത്രി കെ.ടി. ജലീലിന്‍റെ സാന്നിധ്യത്തില്‍ കരിപ്പൂരിലെ ഹജ്ജ് ഹൗസിലായിരുന്നു നറുക്കെടുപ്പ്. 20880 പേരാണ് ഇത്തവണത്തെ ഹജ്ജിന് വേണ്ടി അപേക്ഷ സമർപ്പിച്ചത്. ഇതില്‍ ആദ്യമായി ഹജ്ജിന് അപേക്ഷിച്ച 70 വയസ് കഴിഞ്ഞ 1095 പേര്‍ക്കും 45 വയസ്സിന് മുകളിൽ പുരുഷന്മാർ കൂടെയില്ലാത്ത 1,737 വനിതകൾക്കും നറുക്കെടുപ്പില്ലാതെ തന്നെ അവസരം ലഭിച്ചു. ശേഷിക്കുന്ന 8002 ഒഴിവുകൾക്ക് വേണ്ടിയാണ് നറുക്കെടുപ്പ് നടത്തിയത്. തെരഞ്ഞെടുക്കപ്പെട്ടവർക്ക് വേണ്ടി പാസ്‌പോർട്ട് സമർപ്പിക്കുന്നതിനടക്കം കൂടുതൽ സൗകര്യങ്ങൾ ഇത്തവണ ഏർപ്പെടുത്തിയിട്ടുണ്ട്

മുന്‍ വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി സംസ്ഥാനത്തു നിന്നുള്ള ഹജ്ജ് അപേക്ഷകരുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അപേക്ഷകരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തായിരുന്ന സംസ്ഥാനം ഇത്തവണ നാലാം സ്ഥാനത്താണ്. ഹജ്ജ് നിരക്കിൽ വന്ന വ്യത്യാസമാണ് പ്രധാന കാരണം. അപേക്ഷകര്‍ കുറഞ്ഞതോടെ സംസ്ഥാനത്തിനു ലഭിച്ച ക്വാട്ടയിലും കുറവു വന്നു. തുടര്‍ച്ചയായി അഞ്ചു വര്‍ഷം അപേക്ഷ നല്‍കിയ തീര്‍ഥാടകരെ നറുക്കെടുപ്പില്ലാതെ നേരിട്ടു തീര്‍ഥാടനത്തിനു തെരഞ്ഞെടുക്കുന്ന രീതിയും ഇത്തവണ കോടതി ഇടപെടലോടെ നിര്‍ത്തലാക്കി.

Story Highlights: Hajj

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here