മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചതോടെ വായ്പ നല്‍കിയ ബാങ്കുകള്‍ പ്രതിസന്ധിയില്‍

മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ചതിന്റെ പേരില്‍ ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചതോടെ വായ്പ നല്‍കിയ ബാങ്കുകള്‍ പ്രതിസന്ധിയില്‍. 200 കോടി രൂപയുടെ ബാധ്യതയാണു കണക്കാക്കുന്നത്. വായ്പകള്‍ക്ക് ഈടായിവച്ച ഫ്ളാറ്റുകള്‍തന്നെ ഇല്ലാതായതോടെ തുക എങ്ങനെ തിരിച്ചുപിടിക്കുമെന്നാണ് ബാങ്കുകളുടെ ആശങ്ക. വായ്പ അടച്ചുതീര്‍ക്കാന്‍ ഉടമകള്‍ ബാധ്യസ്ഥരാണെന്നു ബാങ്കുകള്‍ പറയുന്നു. നിയമം ലംഘിച്ചതിന്റെ പേരില്‍ പൊളിച്ച നാലു സമുച്ചയങ്ങളിലുമായി 345 ഫ്ളാറ്റുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഏതാണ്ട് 310 എണ്ണത്തിനും ഭവനവായ്പയുണ്ട്. 40 ലക്ഷം രൂപ മുതല്‍ 80 ലക്ഷം രൂപ വരെയാണ് മിക്ക വായ്പകളും.
വായ്പകള്‍ക്ക് ഈടായിവച്ച ഫ്ളാറ്റുകള്‍തന്നെ ഇല്ലാതായതോടെ ഇതെങ്ങനെ തിരിച്ചുപിടിക്കുമെന്നാണ് ബാങ്കുകളുടെ ആശങ്ക. എന്നാല്‍ പലരും തിരിച്ചടവ് മുടക്കിയിട്ടില്ല. എച്ച്ടുഒ ഹോളിഫെയ്ത്തില്‍ 1.30 ഏക്കര്‍ സ്ഥലം 90 പേര്‍ക്കായാണു വീതിക്കേണ്ടത്. ഓരോരുത്തര്‍ക്കും 1.15 സെന്റ് വീതം ഓഹരി ലഭിക്കും. എന്നാല്‍ ഒരാള്‍ക്കോ കുറച്ചുപേര്‍ക്കായോ മുറിച്ചെടുക്കാനാകാത്ത തരത്തിലാണ് ആധാരമെന്നതിനാല്‍ ജപ്തി വഴി ഭൂമി ഏറ്റെടുക്കാനുമാവില്ല.
എന്നാല്‍, ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കിയെന്നു കരുതി വായ്പ എടുത്തവരുടെ ഉത്തരവാദിത്വം അവസാനിക്കുന്നില്ല. വായ്പ തിരിച്ചടച്ചുതീര്‍ക്കാന്‍ ഉടമകള്‍ ബാധ്യസ്ഥരാണെന്നു ബാങ്കുകള്‍ പറയുന്നു. ഉടമകള്‍ക്ക് ലഭിക്കുന്ന നഷ്ടപരിഹാരം ബാങ്ക് അക്കൗണ്ടിലേക്കു എത്തുമ്പോള്‍ അതു പിടിച്ചുവയ്ക്കാനാണു ബാങ്കുകളുടെ ശ്രമം. എച്ച്ടുഒ ഫ്ളാറ്റുകാര്‍ പ്രത്യേക അസോസിയേഷന്‍ രൂപീകരിച്ചു ഭൂമി അതിന്റെ പേരിലേക്കു മാറ്റിക്കഴിഞ്ഞു.
കിട്ടാക്കടം വരുത്തിയാല്‍ അത് വായ്പയെടുത്തവരുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും. സ്വാഭാവികമായും ഭാവിയില്‍ വായ്പയെടുക്കുന്നതിന് അതു തടസമാകും. അതിനാലാണു ചിലരെങ്കിലും വായ്പ തിരിച്ചടക്കാന്‍ താല്‍പര്യം കാണിക്കുന്നത്. വ്യക്തമായ നിയമലംഘനം നടന്ന ഈ സമുച്ചയങ്ങളിലെ ഫ്ളാറ്റുകള്‍ക്ക് ബാങ്കുകള്‍ എങ്ങനെയാണ് വായ്പ നല്‍കിയത് എന്നു വ്യക്തമല്ല.
ബാങ്കുകളെ വിശ്വസിച്ചതാണ് ഫ്ളാറ്റ് ഉടമകള്‍ക്കു തിരിച്ചടിയായത്. അതിനിടെ ചട്ടം ലംഘിച്ചാണ് കെട്ടിടം നിര്‍മിച്ചതെന്ന കാര്യം വായ്പ നല്‍കുമ്പോള്‍ പരിശോധിച്ചില്ലേയെന്ന്, ഫ്ളാറ്റ് ഉടമകള്‍ക്കു നഷ്ടപരിഹാരം നിര്‍ണയിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ ബാങ്കുകളോട് ചോദിച്ചു. ഫ്ളാറ്റുടമകള്‍ക്കു 25 ലക്ഷം വീതം നഷ്ടപരിഹാരം കൊടുത്തപ്പോള്‍ തങ്ങളുടെ ബാധ്യത തീര്‍ക്കുന്നതും പരിഗണിക്കണമെന്നാവശ്യപ്പെട്ടു ധനകാര്യസ്ഥാപനങ്ങള്‍ കമ്മിഷനെ സമീപിച്ചപ്പോഴാണു ഈ മറുപടി ലഭിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here