Advertisement

അച്ചടി കുടിശികയായി സര്‍ക്കാര്‍ നല്‍കാനുള്ളത് 225.71 കോടി; കെബിപിഎസ് പ്രതിസന്ധിയില്‍

January 20, 2020
Google News 1 minute Read

കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റിയുടെ (കെബിപിഎസ്) പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയില്‍. പാഠ പുസ്തകങ്ങള്‍ അച്ചടിച്ചതിന്റെ വകയായി മാത്രം സര്‍ക്കാരില്‍ നിന്ന് ലഭിക്കാനുള്ളത് 148.53 കോടി രൂപയാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ തൊഴിലാളികളുടെ രാത്രികാല ജോലിയും ഞായറാഴ്ചയിലെ ജോലിയും ഒഴിവാക്കുകയാണ്. അച്ചടിക്കുള്ള പേപ്പര്‍ വാങ്ങാന്‍ പണമില്ലാത്തതിനാലാണ് ഷിഫ്റ്റുകള്‍ ഒഴിവാക്കാന്‍ കാരണം.

പാഠപുസ്തകവും ലോട്ടറി വകുപ്പും ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ അച്ചടി നടത്തിയ വകയില്‍ 225.71 കോടിരൂപ കിട്ടാനുണ്ടെന്ന് കെബിപിഎസ് മാനേജ്‌മെന്റ് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ പറയുന്നു. 164 സ്ഥിരം ജീവനക്കാരും കുടുംബശ്രീ വഴി നിയമിച്ചിട്ടുള്ള 310 പേരുമാണ് സമയ ബന്ധിതമായി അച്ചടി ജോലികള്‍ പൂര്‍ത്തിയാക്കുന്നത്. സമയം പോലും നോക്കാതെ ജോലിക്കാര്‍ പണിയെടുത്ത് പാഠ പുസ്തകങ്ങള്‍ കൃത്യസമയത്ത് സ്‌കൂളിലെത്തിച്ച് സര്‍ക്കാരിന്റെ പ്രതിച്ഛായ ഉയര്‍ത്തിയെങ്കിലും അച്ചടിക്കൂലി നല്‍കുന്ന കാര്യത്തില്‍ മാത്രം സര്‍ക്കാര്‍ പിന്നോട്ടാണ്.

ഒരുസമയത്ത് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗ്യക്കുറികള്‍ അച്ചടിക്കുന്ന വകയില്‍ കിട്ടിയിരുന്ന വരുമാനം കെബിപിഎസിന് വലിയ സഹായമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ലോട്ടറി വകുപ്പും കടം പറഞ്ഞുതുടങ്ങി. അക്ഷയ, വിന്‍വിന്‍, പൗര്‍ണമി, കാരുണ്യ, കാരുണ്യ പ്ലസ്, നിര്‍മല്‍, ബംപര്‍ ടിക്കറ്റുകള്‍ അച്ചടിക്കുന്നത് കെബിപിഎസിലെ സെക്യൂരിറ്റി പ്രസിലാണ്.

Story Highlights: Kerala Books and Publications Society

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here