സര്‍ക്കാര്‍ ഏറ്റെടുത്തു; ആറ്റിങ്ങല്‍ സ്റ്റീല്‍ ഫാക്ടറിക്ക് പുതുജീവന്‍

ആറ്റിങ്ങല്‍ സ്റ്റീല്‍ ഫാക്ടറി കേരള സര്‍ക്കാര്‍ ഏറ്റെടുത്ത് നവീന സംരംഭമായി ഉയര്‍ത്തുന്നു. വ്യവസായ വകുപ്പിന് കീഴില്‍ എംഎസ്എംഇ എന്റര്‍പ്രണേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്ററായി ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും. പുതുതായി സംരംഭം ആരംഭിക്കുന്നവര്‍, സംരംഭം തുടങ്ങിക്കഴിഞ്ഞവര്‍, ഐടിഐ പോലുള്ള തൊഴില്‍ പരിശീലന കേന്ദ്രങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ടുള്ളവര്‍ തുടങ്ങിയവര്‍ക്ക് ഉപകരിക്കുന്ന എംഎസ്എംഇ പരിശീലനകേന്ദ്രമായി പ്രവര്‍ത്തിക്കും.
വ്യവസായ രംഗങ്ങളിലും മറ്റും ആവശ്യമായതും അറിഞ്ഞിരിക്കേണ്ടതുമായ വിവിധ കാര്യങ്ങള്‍ പരിചയപ്പെടുത്താന്‍ ശാസ്ത്രീയമായ പരിശീലനമാണ് നല്‍കുക. ഇത്തരത്തില്‍ കേരളത്തിലെ ഏറ്റവും വലിയ കേന്ദ്രമായിരിക്കും ഇത്. നിലവില്‍ ഇത്തരം പരിശീലനത്തിന് സംസ്ഥാനത്തിന് പുറത്തു പോകേണ്ട സ്ഥിതിയാണ്. കുറഞ്ഞ ചെലവില്‍ സംസ്ഥാനത്തിനകത്ത് തന്നെ മികച്ച പരിശീലനം നല്‍കാനാകുന്നതോടെ പുതിയ ഒരു സംരംഭകത്വ സംസ്‌കാരം നാട്ടില്‍ വളര്‍ത്തിയെടുക്കാനാകും.