ഐസിസി ഏകദിന റാങ്കിംഗ്; ഇന്ത്യൻ ആധിപത്യം തുടരുന്നു

ഐസിസി ഏകദിന റാങ്കിംഗിൽ ഇന്ത്യൻ ആധിപത്യം തുടരുന്നു. ബാറ്റ്സ്മാൻ, ബൗളർ എന്നീ രണ്ട് വിഭാഗങ്ങളിലും ഇന്ത്യക്ക് തന്നെയാണ് ആധിപത്യം. ഓൾറൗണ്ടർമാരുടെ പട്ടികയിൽ രവീന്ദ്ര ജഡേജ ആദ്യ പത്തിലെത്തിയതും ഇന്ത്യക്ക് നേട്ടമായി.
ബാറ്റ്സ്മാനാരുടെ പട്ടികയിൽ ഇന്ത്യൻ നായകനും ഉപനായകനുമാണ് യഥാക്രമം ഒന്നാമതും രണ്ടാമതും ഉള്ളത്. കോലിക്ക് 886 പോയിൻ്റും രോഹിതിന് 868 പോയിൻ്റുമുണ്ട്. 829 പോയിൻ്റുമായി പാകിസ്താൻ്റെ ബാബർ അസം മൂന്നാം സ്ഥാനത്തുണ്ട്. ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി (815), ന്യൂസിലൻഡിൻ്റെ റോസ് ടെയ്‌ലർ (810) എന്നിവർ യഥാക്രമം നാലാമതും അഞ്ചാമതും തുടരുന്നു.
ബൗളർമാരുടെ പട്ടികയിൽ ജസ്പ്രീത് ബുംറയാണ് ഒന്നാമത്. 764 പോയിൻ്റുകളാണ് ബുംറക്കുള്ളത്. 737 പോയിൻ്റുള്ള ന്യൂസിലൻഡ് പേസർ ട്രെൻ്റ് ബോൾട്ട് രണ്ടാമതും 701 പോയിൻ്റുള്ള അഫ്ഗാൻ യുവ സ്പിന്നർ മുജീബ് റഹ്മാൻ മൂന്നാമതുമാണ്. ദക്ഷിണാഫ്രിക്കയുടെ കഗീസോ റബാഡ 684 പോയിൻ്റോടെ നാലാമതും 673 പോയിൻ്റുള്ള ഓസീസ് താരം പാറ്റ് കമ്മിൻസ് അഞ്ചാമതും ഉണ്ട്.
ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സാണ് ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഒന്നാമത്. സ്റ്റോക്സിന് 304 പോയിൻ്റുണ്ട്. 301 പോയിൻ്റുള്ള അഫ്ഗാൻ താരം സ്റ്റോക്സിൻ്റെ തൊട്ടുപിന്നിലുണ്ട്. പാകിസ്താൻ്റെ ഇമാദ് വാസിം (278), ഇംഗ്ലണ്ടിൻ്റെ ക്രിസ് വോക്സ് (259), അഫ്ഗാനിസ്ഥാൻ്റെ റാഷിദ് ഖാൻ (253) എന്നിവർ യഥാക്രമം മൂന്ന് മുതൽ അഞ്ച് സ്ഥാനങ്ങൾ വരെ അലങ്കരിക്കുന്നു. 233 പോയിൻ്റുള്ള ഇന്ത്യൻ താരം രവീന്ദ്ര ജഡേജ റാങ്കിംഗിൽ ആദ്യ പത്തിലെത്തി. പത്താം സ്ഥാനത്താണ് താരം ഉള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here