ബൊളീവിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് സ്വന്തം പാർട്ടിയുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ഇവോ മൊറാലിസ്

മെയ് മൂന്നിന് നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് സ്വന്തം പാർട്ടിയുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബൊളീവിയയുടെ മുൻ പ്രസിഡന്റ് ഇവോ മൊറാലിസ്. മൂവ്‌മെന്റ് ടു സോഷ്യലിസത്തിന്റെ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇവോ മൊറാലിസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
രാഷ്ട്രീയ അഭയാർത്ഥിയായി ഇവോ മൊറാലിസ് ഇപ്പോൾ കഴിയുന്ന അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. പിന്നീട് മുൻ ധനകാര്യ മന്ത്രി ലൂയിസ് ആഴ്‌സ് കറ്റാക്കോറയെ പ്രസിഡന്റ് സ്ഥാനാർത്ഥിയായും മുൻ വിദേശകാര്യമന്ത്രി ഡേവിഡ് ചോക്കെഹുവാൻകയെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായും വാർത്താസമ്മേളനത്തിൽ മൊറാലിസ് പ്രഖ്യാപിച്ചു.
നഗരങ്ങളിൽ ജീവിക്കുന്ന മധ്യവർഗത്തെയാണ് മൂവ്‌മെന്റ് ടു സോഷ്യലിസം പാർട്ടി ലക്ഷ്യം വെയ്ക്കുന്നതെന്ന് സ്ഥാനാർത്ഥി നിർണയത്തിലൂടെ വ്യക്തമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. 14 വർഷം അധികാരത്തിലിരുന്ന ഇവോ മൊറാലിസ് നാലാമതൊരിക്കൽ കൂടി മത്സരിക്കാൻ തീരുമാനിച്ചത് മധ്യവർഗ വോട്ടർമാരെ അകറ്റാൻ കാരണമായിരുന്നു. അവരെ തങ്ങളിലേയ്ക്ക് വീണ്ടും അടുപ്പിക്കുക എന്നതാണ് ഇപ്പോഴത്തെ സ്ഥാനാർത്ഥി നിർണയത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
കഴിഞ്ഞ വർഷം നവംബറിലാണ് ഇവോ മൊറാലിസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. തെരഞ്ഞെടുപ്പിൽ കൃത്രിമത്വം കാണിച്ചാണ് നാലാമത്തെ തവണ മൊറാലിസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതെന്ന് ആരോപിച്ച് രാജ്യത്ത് വൻപ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടിരുന്നു. തുടർന്ന് തെരഞ്ഞെടുപ്പിനെക്കുറിച്ച് പരിശോധന നടത്തിയ ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റ്‌സ് വോട്ടെണ്ണലിൽ വൻ ക്രമക്കേടുകൾ കണ്ടെത്തുകയും അദ്ദേഹം രാജിവയ്ക്കാൻ നിർബന്ധിതനാവുകയും ചെയ്തു. തെരഞ്ഞെടുപ്പിൽ നിന്ന് മത്സരിക്കുന്നതിൽ നിന്ന് മൊറാലിസിനെ വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ആസൂത്രിത അട്ടിമറിയുടെ ഇരയാണ് താനെന്നാണ് അദ്ദേഹത്തിന്റെ വാദം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here