ട്രാൻസിലൂടെ വീണ്ടും ഒന്നിച്ച് ഫഹദും നസ്രിയയും; ആദ്യ വീഡിയോ ഗാനം പുറത്ത്

അൻവർ റഷീദ് എന്റർടെയിൻമെന്റിന്റെ ബാനറിൽ അൻവർ റഷീദ് സംവിധാനം ‘ട്രാൻസ്’ എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസിലും നസ്രിയ നസീമും വീണ്ടും ഒന്നിക്കുന്നു. ബാമഗ്ലൂർ ഡേയ്‌സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും നസ്രിയയും വീണ്ടും ഒന്നിക്കുന്ന ട്രാൻസിൽ ഫഹദ് ഫാസിൽ, ഒരു മോട്ടിവേഷണൽ ട്രെയിനറുടെ വേഷമാണ് ചെയ്യുന്നത്. ‘ട്രാൻസി’ന്റെ തിരക്കഥ വിൻസെന്റ് വടക്കന്റേതാണ്. രാം ഗോപാൽ വർമ്മയുടെ ശിവയ്ക്ക് ശേഷം (2006) മറ്റൊരു സംവിധായകനുവേണ്ടി അമൽ നീരദ് ക്യാമറ ചലിപ്പിക്കുന്നത് ‘ട്രാൻസി’ന് വേണ്ടിയാണ്.

2014ൽ പുറത്തിറങ്ങിയ ‘ഇയ്യോബിന്റെ പുസ്തക’മാണ് അമൽ നീരദ് ഇതിനുമുമ്പ് ഛായാഗ്രഹണം നിർവഹിച്ച മലയാള ചിത്രം. തമിഴിലെ പ്രമുഖ സംവിധായകൻ ഗൗതം മേനോൻ ഒരു പ്രധാന വേഷത്തിലെത്തുന്ന ‘ട്രാൻസി’ൽ സൗബിൻ ഷാഹിർ, വിനായകൻ, ചെമ്പൻ വിനോദ്, ദിലീഷ് പോത്തൻ, ശ്രീനാഥ് ഭാസി, അർജുൻ അശോകൻ, ജിനു ജോസഫ്, അശ്വതി മേനോൻ, ശ്രിന്ദ, ധർമജൻ ബോൾഗാട്ടി, അമൽഡ ലിസ് തുടങ്ങി ഒരു വൻ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്.

‘ട്രാൻസി’ന്റെ ടൈറ്റിൽ ട്രാക്ക് ചെയ്തിരിക്കുന്നത് വിനായകനാണ്. കമ്മട്ടിപ്പാടത്തിലെ ‘പുഴുപുലികൾ…’ എന്ന ഹിറ്റ് ട്രാക്കിനു ശേഷം വിനായകൻ സംഗീതം നിർവഹിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ട്രാൻസ്.

Read Also‘എന്നെ ഒന്നു തിരികെ കൊണ്ടു പോകൂ… ഹസ്‌ബെൻഡ്’; ഫഹദിനോട് നസ്രിയ

‘ട്രാൻസി’ലെ ‘എന്നാലും മത്തായിച്ചാ’ എന്ന ഗാനം പാടിയിരിക്കുന്നത് സൗബിൻ ഷാഹിർ ആണ്. സൗബിൻ ആദ്യമായാണ് ഒരു സിനിമയ്ക്ക് വേണ്ടി പാടുന്നത്. പ്രമുഖ ഒഡീസ്സി നർത്തകി ആരുഷി മുഡ്ഗൽ അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ഇത്. സൗണ്ട് ഡിസൈനിംഗിന് വളരെയധികം പ്രാധാന്യമുള്ള ‘ട്രാൻസി’ന് വേണ്ടി അത് നിർവഹിക്കുന്നത് ഓസ്‌കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ്.

ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡെയ്‌സ്, പറവ എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രവീൺ പ്രഭാകർ എഡിറ്റിംഗ് നിർവഹിക്കുന്ന അൻവർ റഷീദ് ചിത്രമാണ് ട്രാൻസ്.

പ്രമുഖ സംഗീത സംവിധായകനായ റെക്‌സ് വിജയന്റെ സഹോദരൻ ജാക്‌സൺ വിജയൻ, സംഗീത സംവിധായകനായി ‘ട്രാൻസി’ൽ അരങ്ങേറുന്നു. അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. വിനായക് ശശികുമാർ ഗാനരചന നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം സുഷിൻ ശ്യാമും ജാക്‌സൺ വിജയനുമാണ് ഒരുക്കിയിരിക്കുന്നത്. മഹേഷിന്റെ പ്രതികാരം, പറവ, വരത്തൻ, എന്നീ ചിത്രങ്ങൾക്കു ശേഷം അജയൻ ചാലിശ്ശേരി പ്രൊഡക്ഷൻ ഡിസൈൻ നിർവ്വഹിച്ച ചിത്രമാണ് ‘ട്രാൻസ്’.

കോസ്റ്റിയൂംസ് മഷർ ഹംസയും മേക്കപ്പ് റോണക്‌സ് സേവ്യറും നിർവ്വഹിക്കുന്നു. ‘ട്രാൻസി’ന്റെ ആക്ഷൻ ചെയ്തിരിക്കുന്നത് സുപ്രീം സുന്ദറാണ്. ജാവേദ് ചെമ്പ് ആണ് പ്രൊഡക്ഷൻ കൺട്രോളർ. കന്യാകുമാരി, മുംബൈ, കൊച്ചി, ആംസ്റ്റർടാം എന്നിവിടങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കിയ എ&എ റിലീസ് തീയറ്ററുകളിൽ എത്തിക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top