മുസ്ലിം ലീഗ് സസ്പെൻഡ് ചെയ്ത കെ എം ബഷീർ പാർട്ടിയുടെ എൻപിആർ വിരുദ്ധ പ്രതിഷേധത്തിൽ

മുസ്ലിം ലീഗ് സസ്പെൻഡ് ചെയ്ത കെ എം ബഷീർ ലീഗിന്റെ എൻപിആർ വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്തു. എൻപിആർ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് ഫറൂഖ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടിയിലാണ് ബഷീർ പങ്കെടുത്തത്. ഫറൂഖ് മുൻസിപ്പാലിറ്റി ഉപരോധിച്ച് കൊണ്ടായിരുന്നു ലീഗിന്റെ പ്രതിഷേധം.
പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടെങ്കിലും താനിപ്പോഴും മുസ്ലിം ലീഗുകാരൻ ആണെന്ന് ബഷീർ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിൽ ആർക്കൊപ്പവും സമരം ചെയ്യാമെന്ന നിലപാടിൽ മാറ്റമില്ല.
അതേസമയം, ബഷീറിനെ ആരും ക്ഷണിച്ചിട്ടില്ലെന്നും നേതാവ് ഇടത് വേദികളിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങൾ ഉണ്ടെന്നും ലീഗ് ഫറൂഖ് മണ്ഡലം കമ്മറ്റി ആരോപിച്ചു. സിഎഎക്കെതിരെ ഐഎൻഎൽ ജനറൽ സെക്രട്ടറി എ പി അബ്ദുൽ വഹാബ് നാടത്തിയ ഉപവാസ സമരത്തിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. ഇത് ബഷീറിനെതിരെ വീണ്ടും വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.
k m basheer