Advertisement

ട്രംപിനെതിരായ സെനറ്റിലെ ഇംപീച്ച്‌മെന്റ് വാദത്തില്‍ ഡെമോക്രാറ്റുകള്‍ക്ക് കനത്ത തിരിച്ചടി

February 1, 2020
Google News 1 minute Read

 

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെതിരായ സെനറ്റിലെ ഇംപീച്ച്‌മെന്റ് വാദത്തില്‍ ഡെമോക്രാറ്റുകള്‍ക്ക് കനത്ത തിരിച്ചടി. ട്രംപിനെതിരായ സാക്ഷി വിസ്താരത്തിന് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ അനുമതി നിഷേധിച്ചു. 49 നെതിരെ 51 വോട്ടുകള്‍ക്കാണ് ഡെമോക്രാറ്റുകളുടെ ആവശ്യം തള്ളിയത്.
നേരിയ ഭൂരിപക്ഷത്തില്‍ സാക്ഷി വിസ്താരം വേണ്ടെന്ന് സെനറ്റ് തീരുമാനിച്ചത് ട്രംപിന് കരുത്തായി. രണ്ട് റിപ്പബ്ലിക്കന്‍ അംഗങ്ങളുടെ പിന്തുണ നേടാന്‍ ഡെമോക്രാറ്റുകള്‍ക്ക് കഴിഞ്ഞെങ്കിലും നീക്കം ഫലം കണ്ടില്ല. അമേരിക്കയുടെ ചരിത്രത്തിലാദ്യമായാണ് ഒരു ഇംപീച്ച്‌മെന്റ് സാക്ഷിവിസ്താരമില്ലാതെ നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ വിളിച്ചുവരുത്തുകയോ പരിശോധിക്കുകയോ വേണ്ടെന്നും വോട്ടെടുപ്പിലൂടെ തീരുമാനമായി. ഇതോടെ ട്രംപിനെ കുറ്റവിമുക്തനാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ശ്രമം തുടങ്ങി. അന്തിമ വോട്ടെടുപ്പ് ബുധനാഴ്ച നടക്കുമെന്നാണ് സൂചന.

അതേസമയം, സാക്ഷി വിസ്താരമില്ലാതെ നടക്കുന്ന ഇംപീച്ച്‌മെന്റ് വെറും പ്രഹസനമാണെന്ന് യുഎസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി ആരോപിച്ചു. റിപ്പബ്ലിക്കന്‍ ജനപ്രതിനിധികള്‍ പ്രസിഡന്റിന്റെ അധികാര ദുര്‍വിനിയോഗം മറച്ചുപിടിക്കാന്‍ കൂട്ടുനില്‍ക്കുകയാണെന്നും ഇത് ഗുരുതരമായ കുറ്റകൃത്യമാണെന്നും നാന്‍സി പെലോസി പറഞ്ഞു. തിങ്കളാഴ്ച ഇംപീച്ച്‌മെന്റുമായി ബന്ധപ്പെട്ട വാദങ്ങള്‍ യുഎസ് സെനറ്റില്‍ അവസാനിപ്പിക്കും. അതിന് ശേഷം ബുധനാഴ്ചയാകും ട്രംപിനെ ഇംപീച്ച് ചെയ്യണോ, അതോ കുറ്റവിമുക്തനാക്കണോ എന്ന് തീരുമാനിക്കാനുള്ള അന്തിമ വോട്ടെടുപ്പ്. സാക്ഷി വിസ്താരം വേണ്ടെന്നും, രേഖകള്‍ പരിശോധിക്കേണ്ടെന്നും തീരുമാനമായതോടെ, ഇനി അന്തിമവോട്ടെടുപ്പിന് വലിയ പ്രസക്തിയില്ല. ട്രംപിനെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം സെനറ്റില്‍ സമര്‍പ്പിച്ചുകഴിഞ്ഞു. ഇത് പാസാകാനാണ് സാധ്യത. അടുത്ത തെരഞ്ഞെടുപ്പില്‍ തന്റെ എതിരാളിയായ ജോ ബൈഡനും അദ്ദേഹത്തിന്റെ മകനുമെതിരായ അന്വേഷണം നടത്താനും കുറ്റം ചുമത്താനും ട്രംപ് യുക്രൈന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും അത് നടപ്പാക്കിക്കിട്ടാനായി സൈനിക സഹായം ഉള്‍പ്പടെ തടഞ്ഞുവെച്ചെന്നുമാണ് ട്രംപിനെതിരായ ആരോപണം.

Story Highlights-  impeachment debate, against Trump

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here