കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാരനെ ആളുമാറി തട്ടികൊണ്ടുപോയി കൊള്ളയടിച്ചു

വിദേശത്തുനിന്ന് കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാരനെ തട്ടികൊണ്ടുപോയി
കൊള്ളയടിച്ചു. ദക്ഷിണ കന്നട സ്വദേശി അബ്ദുൾ നാസർ ഷംസാദിനെയാണ് കവർച്ചയ്ക്കിരയാക്കിയത്. സ്വർണ കവർച്ചയായിരുന്നു ലക്ഷ്യമെന്നും ആളുമാറിയതറിഞ്ഞതോടെ കൈയിലുള്ളതെല്ലാം തട്ടിയെടുത്ത് വിട്ടയച്ചെന്നും യാത്രക്കാരൻ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
ഷാർജയിൽ നിന്ന് പുലർച്ചെ കരിപ്പൂരിൽ വിമാനമിറങ്ങിയ യാത്രക്കാരനാണ് കൊള്ളസംഘത്തിന്റെ ക്രൂരതക്ക് ഇരയായത്. കോഴിക്കോട്ടേക്കുള്ള യാത്രക്കിടെ ക്രൂയിസർ ജീപ്പിലും ബൈക്കിലുമായി കവർച്ചാ സംഘം പിന്തുടർന്നെത്തുകയായിരുന്നു. കൊണ്ടോട്ടിക്കടുത്ത് വച്ച് വാഹനം തടഞ്ഞിട്ടു. മുഖത്ത് പെപ്പർ സ്‌പ്രേ അടിച്ച് വാഹനത്തിൽ കയറ്റി കണ്ണുമൂടിക്കെട്ടി. കടലുണ്ടിപുഴയുടെ തീരത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി. കൈയിലുണ്ടായിരുന്ന പഴ്‌സും, രേഖകളും ലഗേജും കൊള്ളസംഘം കൈക്കലാക്കി. കടത്തിക്കൊണ്ടുവന്ന സ്വർണം എവിടെ എന്നു ചോദിച്ചായിരുന്നു അതിക്രൂര മർദനം.
Read Also : കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; ഒരു കോടിയിലവധികം വിലവരുന്ന സ്വർണം പിടികൂടി
മണിക്കൂറുകൾ നീണ്ട അതിക്രൂര മർദനമുറകൾക്ക് ശേഷം കാലിക്കറ്റ് സർവകലാശക്കടുത്ത് ചെട്ടിയാർമാടിൽ ഇറക്കി വിടുകയായിരുന്നു. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തുന്നവരിൽ നിന്ന് വിവരങ്ങൾ ചോർത്തി ഇവരെ കൊള്ളയടിക്കുന്ന സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. സമീപകാലത്തായി ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കുകയാണ്.
Story Highlights- Karipur Airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here