ഐക്യരാഷ്ട്രസഭയിൽ പ്രതിനിധിയെ പുറത്താക്കി ടുണീഷ്യ

ഐക്യരാഷ്ട്രസഭയിലെ തങ്ങളുടെ പ്രതിനിധി മോൻസെഫ് ബാറ്റിയെ പുറത്താക്കി ടുണീഷ്യ. അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ മധ്യേഷ്യൻ പദ്ധതിയടക്കമുള്ള പ്രധാനപ്പെട്ട വിഷയങ്ങളിൽ വിദേശകാര്യ വകുപ്പുമായി കൂടിയാലോചന നടത്തുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നതിൽ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് ബാറ്റിയെ ടുണീഷ്യ പുറത്താക്കിയത്. മോശം പ്രകടനത്തെത്തുടർന്നാണ് പുറത്താക്കിയതെന്ന് ടുണീഷ്യൻ വിദേശകാര്യ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഐക്യരാഷ്ട്രസഭയിൽ ചർച്ചയിലിരിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങളിൽ വിദേശകാര്യ വകുപ്പുമായി കൂടിയാലോചന നടത്തുകയും അതിനനുസരിച്ച് ഏകോപനം നടത്തുകയും ചെയ്യുന്നതിൽ ബാറ്റി പരാജയപ്പെട്ടെന്നും പ്രസ്താവനയിലുണ്ട്.

Read Also: ഇംപീച്ച്മെന്റിൽ തനിക്കെതിരെ മൊഴി നൽകിയ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കി ട്രംപ്

ട്രംപിന്റെ മധ്യേഷ്യൻ പദ്ധതിയുമായി ബന്ധപ്പെട്ട് അമേരിക്കക്കെതിരെ മോൻസെഫ് ബാറ്റി നടത്തിയ വിമർശനങ്ങൾ കടന്നുപോയെന്ന് പ്രസിഡന്റ് കൈസ് സയീദ് വിശ്വസിക്കുന്നതായി നയതന്ത്ര വൃത്തങ്ങൾ പറയുന്നു. വിഷയത്തിൽ ബാറ്റി പലസ്തീനെ പൂർണമായി പിന്തുണച്ചത് അമേരിക്കയുമായുള്ള ടുണീഷ്യയുടെ ബന്ധം വഷളാക്കുമെന്ന ആശങ്കയാണ് പ്രസിഡന്റിനുള്ളത്.

ബാറ്റിയെ പുറത്താക്കിയ നടപടിയിൽ ഐക്യരാഷ്ട്രസഭയിലെ ബെൽജിയം പ്രതിനിധി മാർക്ക് പെക്സ്റ്റീൻ ഞെട്ടൽ പ്രകടിപ്പിച്ചു. പുറത്താക്കിയതിന്റെ കാരണം തനിക്കറിയില്ലെന്നും പെക്സ്റ്റീൻ പ്രതികരിച്ചു. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിലെ മറ്റ് ചില പ്രതിനിധികളും ബാറ്റിയെ പുറത്താക്കിയതിൽ ഞെട്ടൽ രേഖപ്പെടുത്തി.

 

 

tunisia

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top