എറണാകുളത്ത് മുത്തൂറ്റ് ഓഫീസില്‍ ജോലിക്കെത്തിയ ജീവനക്കാരെ ആക്രമിച്ചതായി പരാതി

എറണാകുളത്ത് മുത്തൂറ്റ് ഓഫീസില്‍ ജോലിക്കെത്തിയ ജീവനക്കാരെ ആക്രമിച്ചതായി പരാതി. കടവന്ത്ര ഓഫീസിലെ റീജിയണൽ മാനേജർ വിനോദ് കുമാർ, അസിസ്റ്റന്റ് മാനേജർ ധന്യ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. പിന്നിൽ സി ഐ ടി യു പ്രവർത്തകരാണെന്നാണ് ആരോപണം.
കടവന്ത്ര യിലെ മുത്തൂറ്റ് ഓഫീസിലേക്ക് ജോലിക്ക് പോകും വഴിയാണ് ജീവനക്കാർ ആക്രമിക്കപ്പെട്ടത്. കടവന്ത്ര മെട്രോ സ്‌റ്റേഷന് സമീപത്ത് വെച്ച് നടന്ന ആക്രമണത്തിൽ റീജിയണൽ മാനേജർ വിനോദ് കുമാർ, അസിസ്റ്റന്റ് മാനേജർ ധന്യ എന്നിവർക്ക് പരുക്കേറ്റു. ബൈക്കിലെത്തിയ ആൾ ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നു ജീവനക്കാർ പറയുന്നു. ആക്രമണത്തിന് പിന്നിൽ സിഐടിയു പ്രവർത്തകരാണെന്നാണ് ആരോപണം. ജീവനക്കാർ തേവര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
നേരത്തെ ഇടുക്കി കട്ടപ്പന യിലും മുത്തൂറ്റ് ജീവനക്കാർക്കെതിരെ ആക്രമണം നടന്നതായി പരാതി ഉണ്ടായിരുന്നു. കട്ടപ്പന ബ്രാഞ്ചിലെ വനിതാ മാനേജരുടെ ദേഹത്ത് സിഐടിയു പ്രവർത്തകർ മീൻ കഴുകിയ വെള്ളം ഒഴിച്ചെന്നായിരുന്നു പരാതി. എട്ടംഗസംഘം ആണ് ബ്രാഞ്ച് മാനേജർ അനിത ഗോപാലിനെ ആക്രമിച്ചത്. ജീവനക്കാർ പൊലീസിൽ പരാതി നൽകി.
ഓഫീസ് തുറക്കാൻ യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന് ആക്രോശിച്ചായിരുന്നു സംഘത്തിന്റെ അതിക്രമം. സമരത്തെ തുടർന്ന് ഓഫീസ് കുറേ ദിവസങ്ങളായി അടഞ്ഞ് കിടക്കുകയായിരുന്നു.
സംസ്ഥാനത്തെ മുത്തൂറ്റ് ഫിനാൻസ് ഓഫീസുകളിലെല്ലാം തൊഴിലാളികളുടെ അനിശ്ചിതകാല സമരം നടക്കുകയാണ്. നേരത്തെയും ജീവനക്കാര്‍ക്ക് നേരെ സമരാനുകൂലികള്‍ ആക്രമണം നടത്തിയിരുന്നു.
Story Highlights: attack against muthoot staff
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here