ഇന്ത്യ ബുംറയെ അമിതമായി ആശ്രയിക്കുന്നു; വിമർശനവുമായി ആശിഷ് നെഹ്റ

ടീം ഇന്ത്യക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ പേസർ ആശിഷ് നെഹ്റ. ഇന്ത്യ ബുംറയെ അമിതമായി ആശ്രയിക്കുകയാണെന്നും അത് ശരിയായ നടപടി അല്ലെന്നും നെഹ്റ പറഞ്ഞു. ബുംറ എല്ലാ കളികളിലും വിക്കറ്റിടുമെന്ന് പ്രതീക്ഷിക്കുന്നത് അസംബന്ധമാണെന്നും മുൻ ഇന്ത്യൻ താരം പ്രതികരിച്ചു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് നെഹ്റ മനസ്സു തുറന്നത്.

“കളിക്കുന്ന എല്ലാ പരമ്പരകളിലും ബുംറ ഇന്ത്യക്കു വേണ്ടി വിക്കറ്റെടുക്കുമെന്ന് ഒരിക്കലും പ്രതീക്ഷിക്കരുത്. അദ്ദേഹം പരുക്ക് മാറിയാണ് തിരിച്ചെത്തിയതെന്ന് ഓര്‍മിക്കണം. എല്ലായ്പ്പോഴും ഒരേ ഫോമിൽ കളിക്കുക എന്നത് ബുദ്ധിമുട്ടാണ്. വിരാട് കോലിക്കു പോലും ഈ പരമ്പര അത്ര നല്ലതായിരുന്നില്ല. ഇന്ത്യൻ ടീം മാനേജ്മെൻ്റ് പ്ലെയിംഗ് ഇലവനെ തിരഞ്ഞെടുക്കുമ്പോൾ അല്പം കൂടി ശ്രദ്ധിക്കണം. ഷമിയും ബുംറയുമല്ലാത്ത മറ്റു പേസർമാരും തങ്ങളുടെ റോളുകൾ എന്താനെന്ന് മനസ്സിലാക്കണം. കഴിഞ്ഞ രണ്ട് വർഷമായി ബുംറയും ഷമിയും കൂടി വിക്കറ്റെടുക്കുന്നത് അവർ പരിചയിച്ചു പോയി.ബുംറക്കു മേൽ കടുത്ത സമ്മർദ്ദമാണ് ഉള്ളത്. ടീം സെലക്ഷനിൽ ഇപ്പോൾ സ്ഥിരത തീരെയില്ല”- നെഹ്റ പറഞ്ഞു.

ബുംറയുടെ കരിയറിലെ തന്നെ ഏറ്റവും മോശം സീരീസാണ് ന്യൂസിലൻഡിനെതിരെ കഴിഞ്ഞത്. അവസാനത്തെ 7 ഏകദിനങ്ങളിൽ നിന്ന് ബുംറ നേടിയത് രണ്ടേ രണ്ട് വിക്കറ്റുകളാണ്. ന്യൂസിലൻഡ് പരമ്പരയിൽ ഒരു വിക്കറ്റ് പോലും അദ്ദേഹത്തിനില്ല. എക്കോണമിയും അത്ര മികച്ചതായിരുന്നില്ല. അതേത്തുടർന്ന് ഐസിസി റാങ്കിംഗിലും ബുംറക്ക് തിരിച്ചടി നേരിട്ടു. ഏറെക്കാലമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബുംറ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 45 പോയിൻ്റാണ് ബുംറക്ക് നഷ്ടമായത്. കിവീസ് പേസർ ട്രെൻ്റ് ബോൾട്ടാണ് ഇപ്പോൾ ഒന്നാമത്. ബോൾട്ടിന് 727 പോയിൻ്റുണ്ട്. ബുംറക്ക് 719 പോയിൻ്റാണ് ഉള്ളത്.

Story Highlights: Ashish Nehra, Jasprit Bumrah

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top