Advertisement

ആറ്റുകാല്‍ പൊങ്കാല; ഒമ്പത് അധിക ട്രെയിന്‍ സര്‍വീസുകള്‍ ഒരുക്കും

February 14, 2020
Google News 1 minute Read

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്ത് ഒമ്പത് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ ഒരുക്കും. നിലവിലുള്ള ട്രെയിനുകള്‍ക്ക് കൂടുതല്‍ സ്റ്റോപ്പുകളും അന്നേ ദിവസമുണ്ടാകും. ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി വിവിധ വകുപ്പുകള്‍ നടത്തേണ്ട മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

ഉത്സവമേഖലയായ 31 വാര്‍ഡുകളില്‍ റോഡുകളുടെ അറ്റകുറ്റപ്പണികളും, നിര്‍മാണ പ്രവര്‍ത്തനങ്ങളും യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാനും, സ്വിവറേജ് ശുചീകരണം അടക്കമുള്ള മുന്നൊരുക്കങ്ങള്‍ ഈ മാസം തന്നെ പൂര്‍ത്തീകരിക്കാനും ആറ്റുകാല്‍ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.

പൊങ്കാല ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് നോഡല്‍ ഓഫീസറായി എഡിഎം വി ആര്‍ വിനോദിനെ ചുമതലപ്പെടുത്തി. ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുന്നതിനായി അന്നദാനവും കുടിവെള്ള വിതരണവും നടത്തുന്ന സന്നദ്ധ സംഘടനകള്‍ക്ക് രജിസ്‌ട്രേഷനും നിര്‍ബന്ധമാക്കും. പൊങ്കാല ഉത്സവം പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനായി ഭക്തജനങ്ങളും, സന്നദ്ധ സംഘടനകളും സ്റ്റീല്‍ പാത്രങ്ങളും കപ്പുകളും ഉപയോഗിക്കുന്നതിന് ബോധവത്കരണം നടത്തുന്നതിനും നിര്‍ദേശം നല്‍കി. ഇതിനായി പരസ്യ പ്രചാരണം നടത്തും.

3500 പൊലീസുകാരെ പൊങ്കാല ഉത്സവദിനത്തിലെ സുരക്ഷയ്ക്കായി നിയോഗിക്കും. രണ്ടായിരം വനിതാ പൊലീസുകാരാണ് ക്ഷേത്രത്തിലെയും പരിസരത്തെയും സുരക്ഷാ ചുമതല നിര്‍വഹിക്കുക. മോഷണം തടയുന്നതിനായി പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കുമെന്ന് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രതാപന്‍ അറിയിച്ചു. പ്രത്യേക ബൈക്ക് പട്രോളിംഗ് സംഘങ്ങളെയും നിയോഗിക്കും. സിസി ടിവി ക്യാമറകള്‍ക്ക് പുറമെ ഡ്രോണില്‍ ഘടിപ്പിച്ച ക്യാമറകള്‍ വഴിയും നിരീക്ഷണം നടത്തും. പൊങ്കാല ഉത്സവത്തോട് അനുബന്ധിച്ച് കിള്ളിപ്പാലം പിആര്‍എസ് ജംഗ്ഷനില്‍ നിന്ന് ആറ്റുകാല്‍ ക്ഷേത്രത്തിലേക്കുള്ള ബണ്ട് റോഡ് ബാരിക്കേഡുകള്‍ സ്ഥാപിച്ച് സുരക്ഷാ പാതയാക്കും.

25 ട്രാഫിക് വാര്‍ഡന്മാരെ നിയമിക്കുന്നതാണ്. ഇവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ട്രസ്റ്റ് നല്‍കും. പൊങ്കാല കഴിഞ്ഞാല്‍ ഉടന്‍ തന്നെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ 2250 ജീവനക്കാരെ നിയോഗിക്കുമെന്ന് മേയര്‍ കെ ശ്രീകുമാര്‍ യോഗത്തില്‍ വ്യക്തമാക്കി. 60 ടിപ്പര്‍ ലോറികള്‍ കൂടി ശുചീകരണത്തിനായി വാടകയ്ക്ക് എടുക്കും. ഇഷ്ടികകള്‍ ശേഖരിച്ച് പാവപ്പെട്ടവര്‍ക്കുള്ള വീട് നിര്‍മാണത്തിന് നല്‍കുന്നതിന് ഇത്തവണയും ക്രമീകരണമുണ്ടാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും പൊങ്കാലയ്ക്ക് ഉപയോഗിച്ച ഇഷ്ടികകള്‍ 23 വീടുകള്‍ നിര്‍മിക്കുന്നതിന് ഉപയോഗിച്ചിരുന്നു.

പൊങ്കാല ഉത്സവത്തിന് എത്തുന്നവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിന് ബയോ ടോയ്‌ലറ്റുകളും, പോര്‍ട്ടബിള്‍ ടോയ്‌ലറ്റുകളും സ്ഥാപിക്കും. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ കൂടി കണക്കിലെടുത്ത് പൊലീസിന്റെ അനുവാദം കൂടാതെയും നിശ്ചിത പരിധിയില്‍ കൂടുതല്‍ ശബ്ദത്തിലും ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് തടയാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രണ്ട് സ്പീക്കറുകള്‍ വീതം അനുവദിച്ചാല്‍ മതിയെന്നും ഇതിന് വിരുദ്ധമായും അനുമതി ഇല്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി എടുക്കാനും യോഗത്തില്‍ തീരുമാനമായി. ഫയര്‍ ഫോഴ്‌സിനെ വിന്യസിക്കുന്നതിനൊപ്പം അഗ്‌നി ശമനോപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് ക്ഷേത്രജീവനക്കാര്‍ക്ക് കൂടി പരിശീലനം നല്‍കും. അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കുന്നതിന് മെഡിക്കല്‍ ടീമിനെ നിയോഗിക്കും.

ആറ്റുകാല്‍ പൊങ്കാല ദിവസം തിരുവനന്തപുരം ജില്ലയ്ക്ക് പ്രാദേശിക അവധിയായിരിക്കും. ആറ്റുകാല്‍ ഉത്സവദിവസങ്ങളില്‍ കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് നടത്തും. മുന്നൂറിലധികം ബസുകളാണ് ഇത്തവണ സര്‍വീസ് നടത്തുക.

Story Highlights: attukal ponkala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here