ലിംഗ-മത വ്യത്യാസങ്ങൾക്ക് മുന്നിൽ മുട്ടുമടക്കിയില്ല, ഇത് അത്യപൂർവ പ്രണയകാവ്യം

ഹെയ്ദി സാദിയ/ ബിന്ദിയ മുഹമ്മദ്

ഹെയ്ദി സാദിയ എന്ന പേര് കേരളം ആദ്യം കേൾക്കുന്നത് കഴിഞ്ഞ വർഷമാണ്. തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിന്റെ അര നൂറ്റാണ്ട് ചരിത്രത്തിലാദ്യമായി ഒരു ട്രാൻസ്‌ജെൻഡർ മിന്നുന്ന വിജയം കരസ്ഥമാക്കിയെന്ന വാർത്ത ട്വന്റിഫോർ ന്യൂസ്.കോം തന്നെയാണ് റിപ്പോർട്ട് ചെയ്തത്. ആൺകുട്ടിയായിരുന്ന ഹെയ്ദി വളരെയധികം കഷ്ടപ്പെട്ടാണ് സ്ത്രീ എന്ന തന്റെ വ്യക്തിത്വത്തിലേക്ക് രൂപമാറ്റം നേടിയെടുത്തത്. ആണായി പിറന്ന താൻ എതിർ വ്യക്തിത്വം സ്വീകരിക്കുമ്പോൾ സമൂഹത്തിൽ നിന്നും കുടുംബത്തിൽ നിന്നുമെല്ലാം ഉണ്ടായേക്കാവുന്ന ദുരനുഭവങ്ങളെ കുറിച്ച് ഉത്തമബോധ്യമുണ്ടായിരുന്നിട്ടും തന്റെ നിശ്ചയ ദാർഢ്യം ഒന്നുമാത്രമാണ് ഒറ്റപ്പെടലുകൾക്കിടയിലും പ്രതിസന്ധികൾക്കിടയിലും ഹെയ്ദിയെ ലക്ഷ്യത്തിലേക്ക് എത്തിച്ചത്. അതേ നിശ്ചയദാർഢ്യം തന്നെയാണ് ഹെയ്ദിയെ ഇന്നൊരു മാധ്യമ പ്രവർത്തകയാക്കിയത്. പിന്നീട് നാം കേട്ടറിഞ്ഞത് ഹെയ്ദിയുടെ വിവാഹത്തെ കുറിച്ചാണ്…ഭർത്താവ് അധർവും ഹെയ്ദിയെ പോലെ തന്നെ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനായി മാറിയ വ്യക്തിയാണ്…ഇരുവരും ട്രാൻസ്‌ജെൻഡറാണ് എന്നതിന് പുറമെ ഇരുവരും വ്യത്യസ്ത മതവിഭാഗങ്ങളിൽ പെട്ടവരാണ്…ജാതി-മത-ലിംഗ വ്യത്യാസങ്ങൾ ഈ പ്രണയത്തിന് മുന്നിൽ മുട്ടുമടക്കിയെന്ന് വേണം പറയാൻ. ആ കഥ ഹെയ്ദി തന്നെ ട്വന്റിഫോർ ന്യൂസ്.കോമുമായി പങ്കുവച്ചു…

സൗഹൃദം തുടങ്ങിവച്ച റെഡ് വെൽവെറ്റ് കേക്ക്….

ലിംഗമാറ്റ ശസ്ത്രക്രിയയെ തുടർന്ന് പഠനകാലത്ത് തന്നെ വീട്ടിൽ നിന്നെല്ലാം അകറ്റിമാറ്റി നിർത്തപ്പെട്ട ഹെ്ദിയെ പിന്നീട് നോക്കി വളർത്തിയത് പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാറാണ്. രഞ്ജുവിന്റെ പിറന്നാളിന് കേക്കുമായി അധർവ് വീട്ടിലെത്തുമ്പോഴാണ് ഹെയ്ദിയും അധർവും തമ്മിൽ ആദ്യമായി കണ്ടുമുട്ടുന്നത്. അന്ന് അധർവ് കൊണ്ടുവന്നത് പ്രണയത്തിന്റെ പ്രതീകമായ റെഡ് വെൽവെറ്റ് കേക്കായിരുന്നു. കേക്ക് പങ്കുവച്ച് കഴിച്ചപ്പോൾ ഹെയ്ദിയും അധർവും അറിഞ്ഞിരുന്നില്ല തന്റെ നല്ല പാതിയാകാൻ പോകുന്ന വ്യക്തിക്കാണ് ഈ പ്രണയത്തിന്റെ പ്രതീകം കൈമാറുന്നതെന്ന്. അന്ന് മൊട്ടിട്ട സൗഹൃദം വളർന്ന് പ്രണയമായി മാറി. ഡിസംബർ 25നാണ് അധർവ് ഹെയ്ദിയോടെ പ്രണയാഭ്യർത്ഥന നടത്തുന്നത്.

രഞ്ജുവമ്മയുടെ ഉപദേശം…

ഹെയ്ദിയെ പഠനത്തിനായി അയച്ചപ്പോൾ വളർത്തമ്മ രഞ്ജു നൽകിയിരുന്ന ഉപദേശം പഠിക്കുന്ന സമയത്ത് പ്രണയ ബന്ധങ്ങൾ വേണ്ടെന്നായിരുന്നു. പഠന ശേഷം മാധ്യമ പ്രവർത്തകയായി ജോലി സമ്പാധിച്ച ശേഷമാണ് ഹെയ്ദിയും തിരുവനന്തപുരത്തുള്ള ഒരു സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റായ അധർവും തമ്മിൽ പ്രണയത്തിലാകുന്നത്. അധർവ് തന്നോട് പ്രണയാഭ്യർത്ഥന നടത്തിയ കാര്യം ഹെയ്ദി രഞ്ജുവിനോട് സൂചിപ്പിച്ചു. ഹെയ്ദിയുടെ അഭിപ്രായമാണ് രഞ്ജു ആദ്യം ചോദിച്ചത്. അധർവിനെ രഞ്ജുവിന് അടുത്തറിയാമായിരുന്നതുകൊണ്ട് എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. ഹെയ്ദി സമ്മതം മൂളിയതോടെ മുന്നോട്ട് പോകാൻ നിർദേശിച്ചു.

Read Also : ‘മാസങ്ങളോളം ഇരുട്ടറയിൽ പൂട്ടിയിട്ടു; ഇന്നും വീട്ടിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്’ : തിരുവനന്തപുരം ജേണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന്‌ മിന്നുന്ന വിജയം സ്വന്തമാക്കിയ ഹെയ്ദി സാദിയ ’24’ നോട്‌

ജാതി-മത വ്യത്യാസം…

ജാതി മത വ്യത്യാസങ്ങൾ ഇരുവർക്കും തടസമേ ആയിരുന്നില്ല. മുസ്ലിം മത വിശ്വാസിയായ ഹെയ്ദിയും ഹിന്ദു മതവിശ്വാസിയായ അധർവും വിവാഹിതരാകുന്നത് ഈ റിപ്പബ്ലിക്ക് ദിനത്തിലാണ്. ഹെയ്ദിയുമായുള്ള പ്രണയം അധർവ് വീട്ടിൽ അവതരിപ്പിച്ചപ്പോൾ അവർക്കും എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ മതത്തിന്റെ പേരിൽ പ്രശ്‌നങ്ങൾ ഉണ്ടാകുമോ എന്നായിരുന്നു അവരുടെ ഭയം. എന്നാൽ ഇതുവരെ അത്തരം പ്രശ്‌നങ്ങൾ തങ്ങൾക്ക് നേരിടേണ്ടി വന്നിട്ടില്ലെന്ന് ഹെയ്ദി പറഞ്ഞു. ‘മതം എന്നത് തികച്ചും വ്യക്തിപരമായ ഒന്നാണ്. അതിൽ പ്രശ്‌നമുണ്ടാക്കാൻ മറ്റുള്ളവർക്ക് നാം അവസരം നൽകാതിരുന്നാൽ കുഴപ്പങ്ങൾ ഉണ്ടാകില്ല.’-ഹെയ്ദി കൂട്ടിച്ചേർത്തു.

Read Also : കേരളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ ജേണലിസ്റ്റ് ഹെയ്ദി സാദിയ വിവാഹിതയായി

ഹെയ്ദിയുടെ വീട്ടിൽ…

വീട്ടിൽ നിന്ന് ഇന്നും അകന്നു തന്നെയാണ് ഹെയ്ദി നിൽക്കുന്നത്. താൻ വിവാഹിതയാകാൻ പോകുന്നുവെന്നകാര്യം ഹെയ്ദി മാതാപിതാക്കളെ അറിയിച്ചിരുന്നു. എന്നാൽ പ്രതികരണമൊന്നും ലഭിച്ചില്ല. പരസ്യമായി തന്നെ അംഗീകരിക്കുന്നില്ലെങ്കിലും കുടുംബത്തിൽപ്പെട്ട ചിലരൊക്കെ തന്നെ രഹസ്യമായി ഫോൺ വിളിക്കുകയും, സന്ദേശങ്ങൾ അയക്കുകയും ചെയ്യാറുണ്ടെന്ന് ഹെയ്ദി പറഞ്ഞു.

ഹെയ്ദിയും അധർവും നമുക്ക് മാതൃകയാണ്. തങ്ങളുടെ വ്യക്തിത്വം ഒളിച്ചുവയ്ക്കാതെ, പ്രതിസന്ധികളിൽ തളരാതെ തങ്ങളുടെ പ്രണയം വിജയലക്ഷ്യത്തിലേക്ക് എത്തിച്ച ധീരപോരാട്ടത്തിന്റെ മാതൃക…പ്രണയിച്ചതിന്റെ പേരിൽ സ്വന്തം ചോരയെ വരെ ഇല്ലാതാക്കുന്ന ഇക്കാലത്ത് മകന്റെ ഇഷ്ടത്തിനൊപ്പം നിന്ന കുടുംബത്തിനും സല്യൂട്ട്..

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top