വിമൻസ് ലീഗ്: ഗോകുലം ചാമ്പ്യന്മാർ

ഇന്ത്യൻ വിമൻസ് ലീഗിൽ ഗോകുലം കേരള എഫ്സിക്ക് കിരീടം. ഇന്ന് നടന്ന ഫൈനലിൽ മണിപ്പൂരി ക്ലബ് ക്രിഫ്സയെയാണ് ഗോകുലം ഫൈനലിൽ കീഴ്പ്പെടുത്തിയത്. അത്യന്തം ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ക്രിഫ്സയെ തകർത്താണ് ഗോകുലം കിരീടത്തിലെത്തിയത്.

ആദ്യ മിനിട്ടിൽ തന്നെ പരമേശ്വരി ദേവി ഗോകുലത്തെ മുന്നിലെത്തിച്ചു. 25ആം മിനിട്ടിൽ കമലാദേവി ലീഡ് ഇരട്ടിയാക്കി. 33ആം മിനിട്ടിൽ മനീസ പന്ന ക്രിഫ്സക്കായി ആദ്യ ഗോൾ നേടി. 75ആം മിനിട്ടിൽ രത്നബാലയിലൂടെ അവർ സമനില പിടിച്ചു. മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങവേ 87ആം മിനിട്ടിൽ സബിത്ര ബണ്ഡാരിയുടെ ഗോൾ ഗോകുലത്തിനു ജയം സമ്മാനിക്കുകയായിരുന്നു. ഗോകുലത്തിൻ്റെ ആദ്യ കിരീടമാണിത്.

മത്സരത്തിൽ ഗോകുലം തന്നെയാണ് ആധിപത്യം പുലർത്തിയതെങ്കിലും കിട്ടുന്ന അവസരങ്ങളിൽ തിരിച്ചടിച്ച ക്രിഫ്സ മത്സരം ആവേശകരമാക്കുകയായിരുന്നു.

കെൻക്രെ എഫ്സിയെ സെമിഫൈനലിൽ 3-1ന് പരാജയപ്പെടുത്തിയാണ് ക്രിഫ്സ ഫൈനൽ ബെർത്ത് നേടിയത്. നിലവിലെ ചാമ്പ്യന്മാരായ സേതു എഫ്സിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഗോകുലം ഫൈനലിലെത്തിയത്. ഗ്രൂപ്പ് ഘട്ടങ്ങളിൽ ഒരു ഗോൾ പോലും വഴങ്ങാതിരുന്ന ക്രിഫ്സയുടെ വലയിൽ ക്രെൻക എഫ്സിയാണ് ആദ്യമായി പന്തെത്തിച്ചത്. എന്നാൽ 1-3ന് ക്രിഫ്സ സെമിഫൈനൽ വിജയിച്ചു.

നിലവിലെ ചാമ്പ്യന്മാരായ സേതു എഫ്സിയെ ആധികാരികമായാണ് ഗോകുലം സെമിയിൽ കീഴ്പ്പെടുത്തിയത്. സേതു എഫ്സിക്കെതിരെ സബിത്ര ബണ്ഡാരി രണ്ട് ഗോളുകളും മനീഷ ഒരു ഗോളും നേടി. സബിത്ര ബണ്ഡാരി 19 ഗോളുകൾ നേടി ടൂർണമെൻ്റിലെ ടോപ്പ് സ്കോററായി.

Story Highlights: Womens League Gokulam kerala fc champions

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top