അസമിൽ ഇന്നർ പെർമിറ്റ് ലൈൻ നടപ്പിലാക്കാൻ ശുപാർശ

അസമിൽ ഇന്നർ പെർമിറ്റ് ലൈൻ നടപ്പാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ച ഉന്നതതല സമിതിയുടെ ശുപാർശ. 13 അംഗങ്ങളുള്ള സമിതിയുടെ അധ്യക്ഷൻ റിട്ട. ജസ്റ്റിസ് ബിപ്ലബ് കുമാർ ശർമയാണ്.

1951ന് മുൻപ് അസമിൽ ഉണ്ടായിരുന്നവരെ തദ്ദേശീയരായി പരിഗണിക്കണം. അവരുടെ പിൻതലമുറക്കാരെ ജാതി, മത, ഭാഷ, പാരമ്പര്യ ഭേദമന്യേ സംസ്ഥാനത്തെ താമസക്കാരായി കണക്കാക്കണമെന്നും ശുപാർശയിലുണ്ട്. ഇവർക്കായി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് സീറ്റുകൾ സംവരണം ചെയ്യണമെന്നും സമിതി ശുപാർശ ചെയ്തു. ശുപാർശകൾ അടങ്ങുന്ന റിപ്പോർട്ട് ഉടൻ കേന്ദ്ര സർക്കാറിന് കൈമാറും.

ഐഎൽപി ബാധകമായ പ്രദേശങ്ങളിൽ പ്രവേശിക്കുന്നതിന് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ ഉള്ളവർക്കും വിദേശികൾക്കും പ്രത്യേക അനുമതി ആവശ്യമാണ്. അതിനാൽ തന്നെ സംസ്ഥാനത്ത് ഇത് നടപ്പിലാക്കിയാൽ ആളുകൾ അസമിൽ വരുന്നത് നിയന്ത്രിക്കാൻ കഴിയും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്രവർഗമേഖലകളിൽ മറ്റുള്ളവരുടെ കടന്നുകയറ്റം തടയാനാണ് ഈ നിബന്ധന.

അരുണാചൽ പ്രദേശ്, നാഗാലാന്റ്, മിസോറാം എന്നീ സംസ്ഥാനങ്ങളിൽ നടപ്പിലാക്കിയിരുന്ന ഐഎൽപി മണിപ്പൂരിലും കഴിഞ്ഞ വർഷാവസാനം പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾ മൂലം നടപ്പിലാക്കേണ്ടി വന്നിരുന്നു. ഐഎൽപി നടപ്പിലാക്കുന്നതോടെ അസമിലെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങൾ തണുക്കുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്.

 

inner permit line

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top