സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്ന ഓരോ ചോദ്യങ്ങള്‍ക്കും മറുപടിയുമായി കരുണ മ്യൂസിക് നൈറ്റ് പ്രവര്‍ത്തകര്‍

കരുണാ മ്യൂസിക് നൈറ്റുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ തെളിവുകള്‍ സഹിതം വിശദീകരണവുമായി അണിയറ പ്രവര്‍ത്തകര്‍. സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്ന ഓരോ ചോദ്യങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും തെളിവുകള്‍ സഹിതമാണ് അണിയറ പ്രവര്‍ത്തകര്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വിശദീകരണം നല്‍കിയിരിക്കുന്നത്.
കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ ( കെഎംഎഫ്) പ്രസിഡന്റ് ബിജിബാല്‍, സെക്രട്ടറി ഷഹബാസ് അമന്‍, ജോയിന്റ് സെക്രട്ടറിമാരായ ആഷിക് അബു, സിതാര കൃഷ്ണകുമാര്‍, ട്രെഷറര്‍ മധു സി നാരായണന്‍, ശ്യാം പുഷ്‌കരന്‍ തുടങ്ങിയവരാണ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. വിശദീകരണത്തിന്റെ പൂര്‍ണരൂപം.
എന്താണ് കെഎംഎഫ്..? എന്താണ് കരുണ…?
2020 മുതല്‍ വര്‍ഷാ വര്‍ഷം രാജ്യാന്തര മ്യൂസിക് ഫെസ്റ്റിവല്‍ നടത്തുക എന്ന ഉദ്ദേശത്തിലാണ് കെഎംഎഫ് രൂപംകൊള്ളുന്നത്. കൊച്ചിയെ ആര്‍ട്ടിസ്റ്റിക് ടൂറിസ്റ്റ് പ്ലേസ് ആക്കുകയാണ് ഉദ്ദേശം. ഇത് ഔദ്യോഗികമായി അറിയിക്കുന്നതിന് വലിയൊരു മ്യൂസിക് കണ്‍സേര്‍ട്ട് നടത്തണമെന്ന് ഉദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കരുണ സംഘടിപ്പിച്ചത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതിന് എന്ന പേരില്ല പ്രോഗ്രാം നടത്തിയത്. കെഎംഎഫിന്റെ അനൗണ്‍സ്‌മെന്റ് പ്രോഗ്രാമായിരുന്നു. അതേസമയം ഇത് ഫണ്ട് റെയ്‌സിംഗ് പ്രോഗ്രാം ആണെന്ന് പറയുന്നതില്‍ തെറ്റുമില്ല. കാരണം ടിക്കറ്റ് വരുമാനമായി ലഭിക്കുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇത്തരത്തില്‍ ഒരുപാട് മഹത്വമുള്ള പ്രോഗ്രാമായിരുന്നു കരുണ. പരിപാടി കലാകാരന്മാര്‍ എന്ന നിലയില്‍ വലിയ വിജയമായിരുന്നു. എന്നാല്‍ സാമ്പത്തികമായി പരാജയവും.
കെഎംഎഫിനും കരുണയ്ക്കുമെതിരെ ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ അടിസ്ഥാന രഹിതമായ ആരോപണമാണ്. ഇതിന്റെ നിജസ്ഥിതി അന്വേഷിച്ച് യാഥാര്‍ത്ഥ്യം എല്ലാവരെയും ബോധ്യപ്പെടുത്തുന്നതിന് മുഖ്യമന്ത്രിയോട് അന്വേഷണത്തിന് ആവശ്യപ്പെട്ടിട്ടുണ്ട്.
കരുണ വേദിയെപ്പറ്റി ഉയരുന്ന ചര്‍ച്ചകള്‍
കരുണ നടത്താനുള്ള വേദിയായി ബോള്‍ഗാട്ടി പാലസിന്റെ ഗ്രൗണ്ടാണ് ആദ്യം നിശ്ചയിച്ചിരുന്നത്. പിന്നീട് കാലാവസ്ഥാ പ്രശ്‌നങ്ങള്‍ കൊണ്ട് മേല്‍ക്കൂരയുള്ള ഒരു വേദി അന്വേഷിച്ചു. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയമാണ് ഇതിനായി തെരഞ്ഞെടുത്തത്. ഇതിനായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹിയായ ജില്ലാ കളക്ടറെ സമീപിച്ചു. കളക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചു. ഇതിന് മറുപടിയായി ഒന്നര ലക്ഷം രൂപ വാടകയും ജിഎസ്ടിയും മറ്റ് ചെലവുകളും അടക്കം നല്‍കണമെന്ന് മറുപടി നല്‍കി.
എന്നാല്‍ ഇത്രയും വാടക കൊടുക്കാന്‍ സാധിക്കാത്തതിനാല്‍ പരിപാടിക്ക് മറ്റൊരു ഉദ്ദേശം കൂടിയുണ്ട്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുമെന്ന വിവരം അവരെ ബോധ്യപ്പെടുത്തുകയും കലാകാരന്മാര്‍ എല്ലാം ഫ്രീയായി ആണ് പങ്കെടുക്കുന്നതെന്നും ബോധ്യപ്പെടുത്തുകയും ചെയ്തു. ഇതിന്റെ ഭാഗമായി വാടക ഇനത്തിലുള്ള ഒന്നര ലക്ഷം രൂപ ഒഴിവാക്കി. അതേസമയം മറ്റ് ചെലവുകള്‍ കെഎംഎഫ് വഹിക്കുകയും ചെയ്തു.
ടിക്കറ്റ് വില്‍പനയുമായി ബന്ധപ്പെട്ട വസ്തുതകള്‍
ടിക്കറ്റ് കളക്റ്റര്‍, ബുക്ക് മൈ ഷോ എന്ന ആപ്ലിക്കേഷനുകള്‍ വഴിയായി ആണ് ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ വിറ്റത്. അഞ്ഞൂറ്, ആയിരത്തി അഞ്ഞൂറ്, രണ്ടായിരത്തി അഞ്ഞൂറ്, അയ്യായിരം രൂപയുടെ ടിക്കറ്റുകളായിരുന്നു ഫൗണ്ടേഷന്‍ വില്‍ക്കാന്‍ തീരുമാനിച്ചിരുന്നത്. ഇതെല്ലാം കൂടി 908 ടിക്കറ്റുകളാണ് വിറ്റത്. അതില്‍ നിന്നുള്ള വരുമാനം ഏഴ് ലക്ഷത്തി മുപ്പത്ത് അയ്യായിരത്തി അഞ്ഞൂറ് രൂപയാണ്. കൂടാതെ പരിപാടിയുടെ അന്ന് വൈകുന്നേരം കൗണ്ടറുകള്‍ വഴിയായി ടിക്കറ്റുകള്‍ വിറ്റവഴിയായി മുപ്പത്തി ഒന്‍പതിനായിരം രൂപയാണ്.
ടിക്കറ്റുകള്‍ വിറ്റത് വഴിയായി മൊത്തത്തില്‍ ലഭിച്ചത് ഏഴ് ലക്ഷത്തി എഴുപത്തി നാലായിരത്തി അഞ്ഞൂറ് രൂപയാണ്. അതില്‍ നിന്ന് 18 ശതമാനം ജിഎസ്ടി, പ്രളയ സെസ് ഒരു ശതമാനം, ബാങ്ക് ചാര്‍ജ് രണ്ട് ശതമാനം ഇവയെല്ലാം കുറവ് വരുത്തിയ ശേഷം ആറ് ലക്ഷത്തി ഇരുപത്തൊന്നായിരത്തി തൊള്ളായിരത്തി മുപ്പത്തിയാറ് രൂപ ലഭിച്ചു. ഇത് റൗണ്ട് ചെയ്താണ് ആറ് ലക്ഷത്തി ഇരുപത്തി രണ്ടായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.
പറഞ്ഞതിലധികം കാണികള്‍ പങ്കെടുത്തില്ലേ…?
ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് പരിപാടി നടത്തിയത്. മൂന്ന് തട്ടുകളായി സ്റ്റേജ് അറേഞ്ച് ചെയ്താണ് പരിപാടി നടത്തിയത്. ഏകദേശം നാലായിരത്തില്‍ താഴെ ആളുകളാണ് പരിപാടിയില്‍ പങ്കെടുത്തത്.
908 ടിക്കറ്റുകള്‍ക്ക് പുറമേ കോംപ്ലിമെന്ററി പാസുകള്‍ നല്‍കിയിരുന്നു. ലൈബ്രറികള്‍, സാംസ്‌കാരിക സ്ഥാപനങ്ങള്‍, എംപിയുടെ ഓഫീസ്, കോളജുകള്‍, സുഹൃത്തുക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ കോംപ്ലിമെന്ററി ടിക്കറ്റുകള്‍ നല്‍കിയിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നല്‍കിയിട്ടുണ്ട്. ഇതിന്റെയെല്ലാം എണ്ണം കൃത്യമായുണ്ട്.
പരിപാടി വിജയമായിരുന്നോ…?
കലാകാരന്മാരുടെ കൂട്ടം എന്ന നിലയില്‍ പരിപാടി വന്‍ വിജയം ആയിരുന്നു. ഇത് ഒരു ഇമോഷണല്‍ എക്‌സ്പ്രഷനാണ്. സാമ്പത്തിക പരാജയമായിരുന്നു എന്നത് വസ്തുതാപരമായിരുന്നു.
സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കത്തിന് മറുപടി നല്‍കാത്തത് എന്തുകൊണ്ട്..?
പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയോ എന്ന് ആരാഞ്ഞ് ജനുവരി മൂന്നിന് കത്ത് അയച്ചിട്ടുണ്ട് എന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കത്ത് അയച്ചിരുന്നുവെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ പ്രസിഡന്റ് എന്ന നിലയിലോ, പേഴ്‌സണലിയോ ഓഫീഷ്യലിയോ അങ്ങനെയൊരു കത്ത് ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. ടിവിയില്‍ വാര്‍ത്തയായി വന്നപ്പോഴാണ് ഇക്കാര്യം അറിയുന്നത് പോലും.
എത്ര സ്‌പോണ്‍സര്‍മാര്‍ ഉണ്ടായിരുന്നു…?
പരിപാടിക്ക് സ്‌പോണ്‍സേഴ്‌സിനായി അലഞ്ഞിരുന്നു. ഒരുപാട് പേരെ സമീപിച്ചിരുന്നില്ല. രണ്ടോ മൂന്നോ സെലക്ടീവ് ആയിട്ടുള്ളവരെ മാത്രമാണ് സമീപിച്ചത്. നിര്‍ഭാഗ്യവശാല്‍ സ്‌പോണ്‍സര്‍ഷിപ്പ് ലഭിച്ചില്ല. ഒരു പരസ്യബോര്‍ഡ് പോലും പരിപാടിയില്‍ ഉണ്ടായിരുന്നില്ല. ഒരു വ്യവസായിയെ കണ്ടപ്പോള്‍ അദ്ദേഹം ഇവന്റുകള്‍ക്ക് പരസ്യം നല്‍കാറില്ലെന്ന് അറിയിച്ചു. അന്‍പതിനായിരം രൂപ അദ്ദേഹം പരിപാടിക്കായി നല്‍കിയിട്ടുണ്ട്. ഇതും കൃത്യമായി കണക്കുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Read More:കരുണ സംഗീത നിശാ വിവാദം; ആഷിഖ് അബുവിന്റെ മൊഴി എടുത്തു
ലോഗോകള്‍ ആരുടെ..?
സ്‌പോണ്‍സര്‍ഷിപ്പ് ഇല്ലെങ്കിലും ടിക്കറ്റിലും മറ്റുമുള്ള ലോഗോകളെക്കുറിച്ച് ചോദ്യം ഉയര്‍ന്നിരുന്നു. ഇംപ്രസാരിയോ, പോപ്‌കോണ്‍, മീഡിയാ പ്രോ, റെഡ് എഫ് എം എന്നിവരെല്ലാം ഫ്രീയായി സഹകരിച്ചവരാണ്. അവരുടെ ലോഗോകളാണ് ടിക്കറ്റുകളില്‍ വച്ചത്.
ഡിഡി കൊടുത്ത ഡേറ്റ്
ഇത്രയും നാള്‍ പണം കൊടുക്കാതിരുന്നിട്ട് വിവാദം ഉണ്ടായപ്പോള്‍ എന്തുകൊണ്ട് പണം നല്‍കി എന്ന ചോദ്യം ഉയര്‍ന്നിരുന്നു. മാര്‍ച്ച് 31 ന് മുന്‍പ് ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാമെന്നാണ് കളക്ടറെ അറിയിച്ചിരുന്നത്. ഇതിനിടയാണ് പണം കൊടുത്തിട്ടില്ലെന്ന് വിവരാവകാശ നിയമ പ്രകാരമുള്ള കത്തുമായി എത്തി ചിലര്‍ കെഎംഎഫ് തട്ടിപ്പ് നടത്തുകയാണെന്ന് ആരോപിച്ചത്. പരിപാടിയുടെ സദുദ്ദേശത്തെ ബാധിക്കുമെന്നതിനാലാണ് പെട്ടെന്ന് പണം നല്‍കിയത്. തട്ടിപ്പുകാരാണെന്ന് പറഞ്ഞതിനാലാണ് പെട്ടന്ന് നല്‍കിയത്. മാര്‍ച്ച് 31 ന് മുന്‍പ് നല്‍കിയാല്‍ മതിയായിരുന്നു.
ടിക്കറ്റ് വരുമാന തുക കൈയിലുണ്ടല്ലോ അത് നല്‍കിയാല്‍ പോരെ എന്ന് ചോദിക്കുന്നവരുണ്ട്. ഇംപ്രസാരിയോ ആണ് പരിപാടി ചെയ്തത്. അവരുടെ അക്കൗണ്ടിലേക്കാണ് ടിക്കറ്റ് വരുമാനം വന്നത്. 19 ലക്ഷം രൂപയുടെ ബില്ലില്‍ ആറ് ലക്ഷം രൂപ കുറച്ചിട്ട് 13 ലക്ഷം രൂപയുടെ ബില്ലാണ് അവര്‍ തന്നത്. അങ്ങനെയാണ് സെറ്റില്‍മെന്റ് ചെയ്യേണ്ടത്. ഇത്തരത്തിലുള്ള ടെക്‌നിക്കല്‍ ഇഷ്യൂ ആണ് ഇതിലുള്ളത്.
Read More:കരുണ സംഗീത നിശാ വിവാദം: അന്വേഷണം അട്ടിമറിക്കാൻ സിപിഐഎം ശ്രമിക്കുന്നുവെന്ന് സന്ദീപ് വാര്യർ
പരിപാടിക്ക് ആകെ ചെലവായത്..?
23 ലക്ഷം രൂപ ഏകദേശം പരിപാടിക്കായി ചെലവായിട്ടുണ്ട്. ഇംപ്രസാരിയോ എന്ന ഇവന്റ്മാനേജ്‌മെന്റാണ് നടത്തിയിരിക്കുന്നത്. എല്ലാവരും ഫ്രീയായിട്ടാണ് സഹകരിച്ചതെങ്കിലും ചെലവുകള്‍ ഇതിലും ഉണ്ട്. ഇംപ്രസാരിയോയുടെ സര്‍വീസ് ചാര്‍ജ് വാങ്ങിയിട്ടില്ല എന്നതാണ്, അതുപോലെ പലരും എന്നാല്‍ ലേബര്‍ ചാര്‍ജുകള്‍ നല്‍കേണ്ടതുണ്ട്. എല്ലാ വിഭാഗത്തിലും ഇത്തരം ചാര്‍ജുകളുണ്ട്. ഡിസ്‌കൗണ്ടഡ് റേറ്റുകളാണ് പരിപാടികള്‍ നടന്നത്. ഫ്രീ എന്നതിനര്‍ത്ഥം ലോജിക്കലി മനസിലാക്കേണ്ടതാണ്.
ജില്ലാ കളക്ടര്‍ രക്ഷാധികാരിയാണോ..?
ഞങ്ങളുടെ പരിചയക്കുറവ് മൂലം ഉണ്ടായ തെറ്റാണത്. ജില്ലാ കളക്ടര്‍ രക്ഷാധികാരിയല്ല. അതില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. കളക്ടറോട് നേരിട്ട് ക്ഷമാപണം നടത്തിയിട്ടുണ്ട്. സംഘടനാ പാടവത്തിലെ കുറവ് കൊണ്ട് സംഭവിച്ചതാണിത്.
Story Highlights: Karuna Music Night
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here