കുള്ളനെന്നു വിളിച്ച് സഹപാഠികളുടെ പരിഹാസം; കണ്ണീരോടെ ‘തന്നെ ആരെങ്കിലുമൊന്ന് കൊന്ന് തരൂ’ എന്ന് വിദ്യാർത്ഥി: വീഡിയോ

ബുള്ളിയിംഗ് എന്ന പ്രയോഗം നമ്മൾ പലപ്പോഴായി കേൾക്കാറുണ്ട്. സൈബർ ബുള്ളിയിംഗ് ആണ് പലപ്പോഴും നമ്മൾ കേട്ടിട്ടുള്ളത്. നമ്മളിൽ പലരും പലപ്പോഴും ബുള്ളിയിംഗ് നടത്തുകയോ അതിന് ഇരയാവുകയോ ചെയ്തിട്ടുണ്ട്. പൊക്കത്തിനെയും വണ്ണത്തിനെയും മറ്റ് ശാരീരിക, മാനസിക, സാമ്പത്തിക, കുടുംബ അവസ്ഥകളെയൊക്കെ പലപ്പോഴും പലരും ‘പരിഹസിക്കാറുണ്ട്’. തമാശയെന്നും പരിഹാസം എന്നുമൊക്കെ അലസമായി നമ്മൾ വിശേഷിപ്പിച്ച് തള്ളിക്കളയുന്ന ബുള്ളിയിംഗ് അതിന് ഇരയാവുന്ന ആൾക്ക് എത്രത്തോളം മനസികാഘാതം ഉണ്ടാക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ നിങ്ങൾ ഈ വീഡിയോ കാണണം.

സഹപാഠികളിൽ നിന്ന് ബുള്ളിയിംഗിന് ഇരയായ ക്വാഡൻ എന്ന 9കാരൻ്റെ വീഡിയോ അവൻ്റെ അമ്മ യരാഖ ബെയില്‍സ് തന്നെയാണ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഓസ്ട്രേലിയയിലെ ബ്രിസ്ബനിലാണ് സംഭവം. വീഡിയോയിൽ കരഞ്ഞു കൊണ്ട് ക്വാഡൻ പറയുന്നത്, ‘എനിക്കൊരു കയർ തരൂ, ഞാൻ ആത്മഹത്യ ചെയ്യട്ടെ’ എന്നാണ്. 9 വയസ്സുകാരനായ ഒരു കുഞ്ഞ് ആത്മഹത്യയെപ്പറ്റി ചിന്തിക്കുന്നിടത്തോളം ഗൗരവമുള്ളതാണ് ബുള്ളിയിംഗ്. തൻ്റെ കൂട്ടുകാർ കുള്ളനെന്നു വിളിച്ച് തന്നെ കളിയാക്കുകയാണെന്നാണ് ക്വാഡൻ കരഞ്ഞു കൊണ്ട് അമ്മയോട് പറയുന്നത്. ‘കത്തി കൊണ്ട് എനിക്ക് എന്റെ ഹൃദയം തകര്‍ക്കണം, എന്നെ ആരെങ്കിലും ഒന്നു കൊന്നു തരണമെ’ന്നും ക്വാഡൻ പറയുന്നു.

‘പഠിക്കാനും അല്പം ഉല്ലാസത്തിനും വേണ്ടിയാണ് എൻ്റെ മകൻ സ്കൂളിൽ പോകുന്നത്. പക്ഷേ, എന്നും എന്തെങ്കിലുമൊക്കെ സംഭവിക്കുന്നു. ആരെങ്കിലുമൊക്കെ അവനെ പരിഹസിക്കുന്നു. മകന്റെ സങ്കടം ഞങ്ങളുടെ കുടുംബത്തെ അതിയായി വേദനിപ്പിക്കുന്നു. ഇത്തരത്തിലുള്ള പരിഹാസം എങ്ങനെയാണ് ഒരു ‍കുഞ്ഞിനെ തകര്‍ക്കുന്നതെന്ന് മനസ്സിലാക്കണം.’- വീഡിയോയിലൂടെ അമ്മ പറയുന്നു.

വീഡിയോ 134,000ലധികം തവണ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കപ്പെപ്പെട്ടു. ഇതോടെ നിരവധി ആളുകൾ ക്വാഡന് പിന്തുണ അർപ്പിച്ചും സ്നേഹം പങ്കുവെച്ചും രംഗത്തെത്തി. ഓസ്ട്രേലിയയുടെ ദേശീയ റഗ്ബി താരങ്ങളും ക്വാഡന് പിന്തുണ അർപ്പിച്ചു. തങ്ങളുടെ മല്‍സരം വീക്ഷിക്കാന്‍ റഗ്ബി ടീം ക്വാഡന് ഔദ്യോഗിക ക്ഷണമയക്കുകയും ചെയ്തു.

ബുള്ളിയിംഗ് എത്രത്തോളം ഭീകരമാണെന്ന് നമ്മൾ മനസ്സിലാക്കണം. മക്കളോട് അത് പറഞ്ഞു മനസ്സിലാക്കണം. മാനസികാഘാതം നിസ്സാരമല്ല. തള്ളിക്കളയേണ്ടതുമല്ല. ഈ ലോകം ഒരു മികച്ച ഇടമാക്കുന്നതിനായി നമുക്ക് പരിശ്രമിക്കാം.

Story Highlights: mom shares heartbreaking video of bullied son

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top