പിഎസ്‌സി കോച്ചിംഗ് സെന്റർ ആരോപണം; കൂടുതൽ സ്ഥാപനങ്ങളിൽ വിജിലൻസ് റെയ്ഡ് നടത്തും

സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർക്ക് പിഎസ്‌സി കോച്ചിംഗ് സെന്ററുകളുടെ നടത്തിപ്പിൽ ബന്ധമുണ്ടെന്ന ആരോപണത്തിൽ കൂടുതൽ സ്ഥാപനങ്ങളിൽ വിജിലൻസ് റെയ്ഡ് നടത്തും. നേരത്തെ നടത്തിയ പരിശോധനയിൽ സർക്കാർ ഉദ്യോഗസ്ഥൻ ക്ലാസെടുക്കുന്നതായി കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥരുടെ വിവരങ്ങൾ വകുപ്പ് മേധാവികൾക്ക് കൈമാറാനാണ് തീരുമാനം. പരാതിയിൽ പിഎസ്‌സി സ്വമേധയാ പരിശോധന നടത്തുമെന്ന് ചെയർമാൻ എംകെ സക്കീർ പറഞ്ഞു.

Read Also: പിഎസ്‌സി കോച്ചിംഗ് സെന്ററുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; അഗ്നിശമന സേനാ ഉദ്യോഗസ്ഥൻ പിടിയിൽ

പിഎസ്‌സിയുടെ ചോദ്യപേപ്പർ കൈകാര്യം ചെയ്യുന്ന വിഭാഗത്തിൽ ജോലി ചെയ്യുന്നവരുമായി തിരുവനന്തപുരത്തെ ചില കോച്ചിംഗ് സെന്ററുകൾക്ക് ബന്ധമുണ്ടെന്ന ഉദ്യോഗാർത്ഥികളുടെ പരാതിയിലാണ് വിജിലൻസ് അന്വേഷണത്തിന് പൊതുഭരണ വകുപ്പ് സെക്രട്ടറി ഉത്തരവിട്ടത്. പിഎസ്‌സി സെക്രട്ടറിക്ക് നൽകിയ പരാതി പൊതു ഭരണ വകുപ്പിന് കൈമാറുകയായിരുന്നു.

ലക്ഷ്യ, വീറ്റ എന്നീ രണ്ട് കോച്ചിംഗ് സെന്ററുകളുടെ നടത്തിപ്പിൽ പൊതു ഭരണ വകുപ്പിലെ ഷിബു കെ നായർ, രഞ്ജൻ നായർ എന്നിവർക്ക് പങ്കുണ്ടെന്നായിരുന്നു ആരോപണം. അന്വേഷണം ആരംഭിച്ച വിജിലൻസ് ഈ രണ്ട് സ്ഥാപനങ്ങളിലും മിന്നൽ പരിശോധന നടത്തി. പരിശോധനയിൽ ചട്ടലംഘനം നടന്നതിന്റെ പ്രാഥമിക തെളിവുകൾ വിജിലൻസിന് ലഭിച്ചു. വീറ്റോയിൽ ക്‌ളാസെടുക്കുകയായിരുന്ന അഗ്നിശമനസേനാ ഉദ്യോഗസ്ഥൻ സുമേഷിൽ നിന്ന് വിജിലൻസ് വിവരങ്ങൾ ശേഖരിച്ചു.

വിജിലൻസ് പരിശോധന നടത്തിയ രണ്ട് സെന്ററുകളുടെയും ഉടമസ്ഥർ ഉദ്യോഗസ്ഥരുടെ ബന്ധുക്കളാണെന്ന് വിജിലൻസിന് വിവരം ലഭിച്ചിട്ടുണ്ട്. പരാതി ഉയർന്ന പശ്ചാത്തലത്തിൽ കോച്ചിംഗ് സെന്ററുകളിൽ നിന്ന് ചില നിർണായക രേഖകൾ മാറ്റിയതായും വിജിലൻസ് സംശയിക്കുന്നു. ചട്ടലംഘനം തെളിഞ്ഞാൽ നടപടിക്ക് ശുപാർശ ചെയ്ത് വകുപ്പ് മേധാവികൾക്ക് വിവരം കൈമാറാനാണ് വിജിലൻസ് തീരുമാനം. കൂടാതെ ഇവരുടെ സ്വത്ത് വിവരങ്ങളും പരിശോധിക്കും.

കോച്ചിംഗ് സെന്ററുകളിൽ പരിശീലകരായി എത്തുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ മുഴുവൻ വിവരങ്ങളും വിജിലൻസ് ശേഖരിക്കും. പരാതി നൽകിയ ഉദ്യോഗാർത്ഥികളുടെ മൊഴി അടുത്ത ദിവസങ്ങളിൽ രേഖപ്പെടുത്തും. കൂടുതൽ സ്ഥാപനങ്ങളിൽ പരിശോധന നടത്താനും വിജിലൻസ് തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം പ്രത്യേക യൂണിറ്റിലെ ഡിവൈഎസ്പി പ്രസാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

 

psc

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top