ഡല്‍ഹിയില്‍ കലാപ ബാധിത മേഖലകളില്‍ നിന്ന് ആളുകള്‍ പലായനം ചെയ്യുന്നു

ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിയെ ചൊല്ലിയുള്ള കലാപം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുന്നു. സംഘര്‍ഷ ബാധിത മേഖലകളില്‍ നിന്ന് ആളുകള്‍ പലായനം ചെയ്യുകയാണ്. കലാപം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയാണ്. ഭജന്‍പൂര്‍ ചൗക്കിലും ഗോകുല്‍പുരയിലും സ്ഥിതി നിയന്ത്രണാതീധമാണ്. പലയിടത്തും വീടുകള്‍ക്കും കടകള്‍ക്കും അക്രമികള്‍ തീയിട്ടു.

ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. 160 ലധികം പേര്‍ക്ക് പരുക്കേറ്റു. എട്ടുപേരുടെ നില ഗുരുതരമാണ്. അതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച ഉന്നതതല യോഗത്തില്‍ അരവിന്ദ് കേജ്‌രിവാളും ലഫ്റ്റനന്റ് ഗവര്‍ണറും പങ്കെടുത്തു. എല്ലാവരും ചേര്‍ന്ന് സമാധാനത്തിനായി പ്രവര്‍ത്തിക്കാന്‍ യോഗം ആഹ്വാനം ചെയ്തു. അക്രമികള്‍ പുറത്തുനിന്ന് എത്തുന്നുവെന്നും ഡല്‍ഹിയിലെ അതിര്‍ത്തികള്‍ അടയ്ക്കണമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ആവശ്യപ്പെട്ടു.

പ്രകോപനപരമായ പ്രസംഗം ആര് നടത്തിയാലും അംഗീകരിക്കാനാവില്ലെന്നും അവര്‍ക്കെതിരെ നടപടിക്ക് ആവശ്യപ്പെടുമെന്നും ഗൗതം ഗംഭീര്‍ എംപി പറഞ്ഞു. ബിജെപി നേതാവ് കപില്‍ മിശ്രയ്ക്ക് എതിരെയായിരുന്നു ഗംഭീറിന്റെ പ്രതികരണം. അതേസമയം, കലാപം തുടരുന്ന ഇടങ്ങളില്‍ നിരോധനാജ്ഞ ഒരു മാസത്തേയ്ക്ക് നീട്ടി.

Story Highlights: Citizenship Amendment Act, delhi riots

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top