വെടിയുണ്ടകൾ കാണാതായ കേസ്: ഉന്നത പൊലീസ് ഉദ്യോഗസ്ഥരും അന്വേഷണ പരിധിയിൽ

പൊലീസിന്റെ വെടിയുണ്ടകൾ കാണാതായ കേസിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും അന്വേഷണ പരിധിയിൽ. മുൻ അസിസ്റ്റന്റ് കമാൻഡന്റുമാരെയടക്കം ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. പൊലീസ് ചീഫ് സ്റ്റോറിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു.
പൊലീസിന്റെ വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ എസ്‌ഐയുടെ അറസ്റ്റിന് പിന്നാലെ അന്വേഷണം ശക്തമാക്കുകയാണ് ക്രൈംബ്രാഞ്ച്. ഇതിന്റെ ഭാഗമായി പൊലീസ് ചീഫ് സ്റ്റോറിലെ ഉദ്യോഗസ്ഥരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. പൊലീസ് ചീഫ് സ്റ്റോറിൽ നിന്നാണ് ക്യാമ്പുകൾക്കും ബറ്റാലിയനുകൾക്കും വെടിയുണ്ടയും, ആയുധങ്ങളും നൽകുന്നത്.
വെടിയുണ്ട മടക്കി നൽകുന്ന വിവരങ്ങളടക്കം ചീഫ് സ്റ്റോറിൽ രേഖപ്പെടുത്തും. ചീഫ് സ്റ്റോറിൽ നിന്ന് 1996 മുതലുള്ള രേഖകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ ഉന്നത പൊലീസുദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് ക്രൈംബ്രാഞ്ചിന് സംശയമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പേരൂർക്കട എസ്എപി ക്യാമ്പിലെ മുൻ അസിസ്റ്റന്റ് കമാൻഡന്റുമാരെയടക്കം ചോദ്യം ചെയ്യാനാണ് തീരുമാനം.
വെടിയുണ്ട കാണാതായ കാലയളവിലെ ഉദ്യോഗസ്ഥരെയാകും ചോദ്യം ചെയ്യുക. എസ്എപിയിലേക്ക് പൊലീസ് ചീഫ് സ്റ്റോറിൽ നിന്ന് നൽകിയ വെടിയുണ്ടകൾ നേരിട്ട് പരിശോധിക്കാനും ക്രൈം ബ്രാഞ്ച് ആലോചിക്കുന്നുണ്ട്.
Story Highlights- Bullet, Cartridge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here