ലയനം: പി ജെ ജോസഫിന്റെ പ്രസ്താവന തള്ളി ജനാധിപത്യ കേരള കോണ്‍ഗ്രസ്

ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗവുമായി ലയനം സംബന്ധിച്ച് ചര്‍ച്ച നടത്തിയെന്ന പി ജെ ജോസഫിന്റെ പ്രസ്താവന തളളി ജനാധിപത്യ കേരള കോണ്‍ഗ്രസ്. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പുമായി ലയിക്കില്ല. പാര്‍ട്ടി എല്‍ഡിഎഫില്‍ തുടരും. പി ജെ ജോസഫ് കേരളാ കോണ്‍ഗ്രസുകളെ പിളര്‍ത്താന്‍ ശ്രമിക്കുന്നുവെന്നും ജനാധിപത്യ കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ ഡോ. കെ സി ജോസഫ് ട്വന്റിഫോറിനോട് പറഞ്ഞു.

ഫ്രാന്‍സിസ് ജോര്‍ജ് ഉള്‍പ്പെടെയുള്ള നേതാക്കളുമായി ലയനം സംബന്ധിച്ച് ചര്‍ച്ച നടത്തിയെന്ന പി ജെ ജോസഫിന്റെ പ്രസ്താവന പൂര്‍ണമായും തള്ളുകയാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ്. ജോസഫുമായി യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ ഡോ. കെ സി ജോസഫ് പറഞ്ഞു. ലയനം പാര്‍ട്ടിയുടെ അജണ്ടയിലില്ല. ജനാധിപത്യ കേരള കോണ്‍ഗ്രസ് എല്‍ഡിഎഫില്‍ തുടരും.

തെറ്റിദ്ധാരണ പരത്തി പി ജെ ജോസഫ് പിളര്‍പ്പിന് ശ്രമിക്കുകയാണ്. കേരളാ കോണ്‍ഗ്രസുകളെ തകര്‍ക്കുകയാണ് ലക്ഷ്യമെന്നും ഡോ.കെ.സി ജോസഫ് കുറ്റപ്പെടുത്തി. തുടര്‍ച്ചയായി അഞ്ചു തവണ കുട്ടനാട് നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച ഡോ. കെ സി ജോസഫിനെ സീറ്റ് ഓഫര്‍ ചെയ്ത് പാര്‍ട്ടിയില്‍ എത്തിക്കാനും ജോസഫ് ഗ്രൂപ്പ് ശ്രമം നടത്തിയിരുന്നു.

എന്നാല്‍ എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കാനാണ് ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ഭൂരിപക്ഷം നേതാക്കളുടെയും തീരുമാനം. അതിനിടെ ഫ്രാന്‍സിസ് ജോര്‍ജിനെ മാത്രം പാര്‍ട്ടിയില്‍ എത്തിക്കാനും പി ജെ ജോസഫ് വിഭാഗം ശ്രമം തുടങ്ങിയിട്ടുണ്ട്. പക്ഷെ താന്‍ ചെയര്‍മാനായ ജനാധിപത്യ കേരള കോണ്‍ഗ്രസ് വിട്ട് മറ്റൊരു പാര്‍ട്ടിയിലേയ്ക്ക് ഇല്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ് മറ്റു നേതാക്കള്‍ക്ക് ഉറപ്പു നല്‍കി. എന്നാല്‍ കേരള കോണ്‍ഗ്രസ് ജേക്കബ് പിളര്‍ത്തിയ പോലെ ജോസഫ് വിഭാഗം നീക്കം നടത്തുമോ എന്ന ആശങ്ക നേതാക്കള്‍ക്കിടയിലുണ്ട്.

Story Highlights: kerala congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top