‘തൊമ്മിയെ മുണ്ടുടുപ്പിക്കാന്‍’ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ

സക്കറിയയുടെ ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും എന്ന നോവലിനെ ആസ്പദമാക്കിയുള്ള നാടകത്തില്‍ നഗ്‌നരംഗം അവതരിപ്പിച്ചുവെന്ന പേരില്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ കാരണം കാണിക്കല്‍ നോട്ടീസ്.

ചലച്ചിത്രകാരന്‍ സുവീരന്‍ കോഴിക്കോട് ബാക് സ്റ്റേജ് നാടകസംഘത്തിന് വേണ്ടി ഒരുക്കിയ ഭാസ്‌കരപ്പട്ടേലരും തൊമ്മിയുടെ ജീവിതവും എന്ന നാടകത്തിലാണ് നഗ്നരംഗം അവതരിപ്പിച്ചത്. പോണ്ടിച്ചേരിയില്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ (എന്‍എസ്ഡി) സംഘടിപ്പിച്ച ഭാരത് രംഗ് മഹോത്സവിലേക്ക് ഭാസ്‌കരപട്ടേലരും തൊമ്മിയുടെ ജീവിതവും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ മാസം 12നായിരുന്നു അവതരണം.

സെലക്ഷന്‍ കമ്മിറ്റിയുടെ പരിഗണനയ്ക്കയച്ച ഡിവിഡിയില്‍ ഇല്ലാതിരുന്ന നഗ്‌നരംഗമാണ് നാടകത്തില്‍ ഉള്‍പ്പെടുത്തിയതെന്നും എന്‍എസ്ഡി ചെയര്‍പേഴ്‌സണ്‍ അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്ത പരിപാടിയില്‍ ഇങ്ങനെയൊരു രംഗം ഉള്‍പ്പെടുത്തിയതില്‍ പലരും അതൃപ്തി അറിയിച്ചിട്ടുണ്ടെന്നുമാണ് എന്‍എസ്ഡി രജിസ്ട്രാര്‍ അയച്ച നോട്ടീസില്‍ പറയുന്നത്.

എന്നാല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ നടപടി ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെ ചോദ്യം ചെയ്യലാണെന്ന് നാടക പ്രവര്‍ത്തകര്‍ പറയുന്നു. അതേസമയം നടപടിക്കെതിരെ എഴുത്തുകാരന്‍ സക്കറിയ രംഗത്തെത്തി. പൊലീസ് സ്റ്റേറ്റ് നടപ്പാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണിത്. പൗരന്മാരുടെയും കലാകാരന്മാരുടെയും സ്വാതന്ത്ര്യത്തെ ചവിട്ടിത്താഴ്ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top