Advertisement

ആദ്യം കലാപാഹ്വാനം; ഇപ്പോൾ സമാധാന റാലി: കപിൽ മിശ്ര ജന്തർ മന്തറിൽ

February 29, 2020
Google News 2 minutes Read

വിദ്വേഷ പരാമർശങ്ങളിലൂടെ ഡൽഹി കലാപത്തിനു വഴിമരുന്നിട്ട ബിജെപി നേതാവ് കപിൽ മിശ്ര സമാധാന റാലിയുമായി ജന്തർ മന്തറിൽ. ഡൽഹി സമാധാന കൂട്ടായ്മ എന്ന പേരിലുള്ള ഒരു എൻ ജി ഓ സംഘടിപ്പിച്ച സമാധാന റാലിയിലാണ് കപിൽ മിശ്ര പങ്കെടുത്തത്. നൂറോളം പേർ ദേശീയ പതാക ഉയർത്തിപ്പിടിച്ച് റാലിയിൽ പങ്കെടുത്തു എന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

ഭാരത് മാതാ കീ ജയ്, ജയ് ശ്രീറാം തുടങ്ങിയ മുദ്രാവാക്യങ്ങളാണ് റാലിയിൽ ഉയർന്നു കേട്ടത്. വേദിയിൽ കയറുകയോ പ്രഭാഷണം നടത്തുകയോ ചെയ്യാതെ ജനങ്ങൾക്കൊപ്പം സദസ്സിൽ ഇരുന്നാണ് കപിൽ മിശ്ര റാലിക്ക് ശേഷമുള്ള സമ്മേളനത്തിൻ്റെ ഭാഗമായത്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാനും കപിൽ മിശ്ര തയ്യാറായില്ല. ജന്തർ മന്തറിൽ നടക്കുന്ന സമാധാന റാലിയിൽ പങ്കെടുക്കണമെന്ന് മിശ്ര രാവിലെ ട്വീറ്റ് ചെയ്തിരുന്നു.

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗങ്ങളിൽ കപിൽ മിശ്രക്കൊപ്പം ബിജെപി നേതാക്കളായ അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് വര്‍മ്മ, അഭയ് വര്‍മ്മ എന്നിവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ഇന്നലെ ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിന് എതിരെ സമരം ചെയ്യുന്നവരെ മാറ്റിയില്ലെങ്കിൽ ബാക്കി ഞങ്ങൾ നോക്കും എന്ന കപിൽ മിശ്രയുടെ പരാമർശത്തെ തുടർന്നാണ് ഡൽഹിയിൽ സമാധാനപരമായി നടന്നിരുന്ന പ്രതിഷേധം രക്തച്ചൊരിച്ചിലേക്ക് മാറിയത്. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പോകുന്നത് വരെ സമാധാനം പാലിക്കുമെന്ന് അത് കഴിഞ്ഞാൽ പൊലീസ് പറയുന്നത് കേൾക്കാൻ തങ്ങൾ തയ്യാറാവില്ലെന്നും മിശ്ര പ്രസംഗത്തിൽ പറഞ്ഞിരുന്നു.

ഡൽഹി കലാപത്തിൽ 42 പേരാണ് ഇതുവരെ മരണമടഞ്ഞത്. കലാപകാരികൾ ഒരു ബിഎസ്എഫ് ജവാന്റെ വീടിനും തീയിട്ടിരുന്നു.

Story Highlights: Kapil Mishra participates in peace march at Jantar Mantar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here