കൊറോണ വൈറസ്; ഇറ്റലി, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്നവരെ കൂടി പരിശോധനയ്ക്ക് വിധേയരാക്കും
കൊറോണ വൈറസ് ബാധ ആഗോള തലത്തിൽ വ്യാപിക്കുന്നത് കണക്കിലെടുത്ത് കൂടുതൽ രാജ്യങ്ങളിൽ നിന്ന് വരുന്നവരെ കൂടി പരിശോധിക്കാൻ തീരുമാനം. ഇറ്റലിയിലും ഇറാനിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതും രോഗം വ്യാപിക്കുന്നതും കണക്കിലെടുത്ത് ചൈന, ഹോങ്കോംഗ്, തായ്‌ലാന്റ്, സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, വിയറ്റ്‌നാം, നേപ്പാൾ, ഇന്തോനേഷ്യ, മലേഷ്യ എന്നിവയ്ക്ക് പുറമേ ഇറാൻ, ഇറ്റലി എന്നിവിടങ്ങളിൽ നിന്ന് നേരിട്ടുള്ള ഫ്‌ളൈറ്റുകളിലൂടെ വരുന്ന യാത്രക്കാരെ കൂടി പരിശോധിക്കാൻ തീരുമാനിച്ചു. ഈ രാജ്യങ്ങളിൽ നിന്ന് വരുന്ന എല്ലാ ആളുകളും നിർദേശങ്ങൾ പാലിക്കണം. റിപ്പബ്ലിക്ക് ഓഫ് കൊറിയ, ഇറാൻ, ഇറ്റലി എന്നിവിടങ്ങളിൽ നിന്ന് വരുന്നവരോ 2020 ഫെബ്രുവരി പത്ത് മുതൽ അത്തരം യാത്രാ ചെയ്തവരോ ഇന്ത്യയിലെത്തുമ്പോൾ 14 ദിവസത്തേക്ക് നിരീക്ഷണത്തിൽ തുടരേണ്ടതാണ്. രോഗ ലക്ഷണമില്ലാത്തവർ 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ തുടരണം. രോഗലക്ഷണമുള്ളവർ ജില്ലകളിലെ ഐസോലേഷൻ സൗകര്യമുള്ള ആശുപത്രികളുമായി ബന്ധപ്പെടണമെന്നും ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ് റിലീസിൽ വ്യക്തമാക്കി.
അതേസമയം, കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിൽ കഴിയവേ കഴിഞ്ഞ ദിവസം മരണമടഞ്ഞ യുവാവിന് കൊവിഡ് 19 രോഗമല്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ അറിയിച്ചു. മലേഷ്യയിൽ നിന്ന് ഫെബ്രുവരി 27ന് നാട്ടിലെത്തിയതായിരുന്നു കണ്ണൂർ പയ്യന്നൂർ സ്വദേശി. ആലപ്പുഴ വൈറോളജി ലാബിലയച്ച ഇദ്ദേഹത്തിന്റെ ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. പൂനെ വൈറോളജി ലാബിലയച്ച രണ്ടാം പരിശോധനാ ഫലമാണ് ഇപ്പോൾ വന്നതെന്നും മന്ത്രി വ്യക്തമാക്കി.
54 ലോക രാജ്യങ്ങളിൽ കൊവിഡ് 19 രോഗം പടർന്നുപിടിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 206 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 193 പേർ വീടുകളിലും 13 പേർ ആശുപത്രികളിലും ആണ് നിരീക്ഷണത്തിലുള്ളത്. പരിഷ്‌കരിച്ച മാർഗരേഖ പ്രകാരം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന ഒൻപത് വ്യക്തികളെ ഇന്ന് നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 488 സംശയാസ്പദമായ സാമ്പിളുകൾ എൻഐവിയിൽ പരിശോധക്ക് അയച്ചിട്ടുണ്ട്. ഇതിൽ 471 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.
corona virus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here