ജമന്തിയാണെന്ന് പറഞ്ഞ് വീട്ടുമുറ്റത്ത് നട്ടുവളർത്തിയത് കഞ്ചാവ്; യുവാവ് അറസ്റ്റിൽ

ആലപ്പുഴ തുറവൂരിൽ വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ. കുത്തിയതോട് പഞ്ചായത്ത് പത്താം വാർഡിൽ ചാലാപ്പള്ളി വീട്ടിൽ ഷാരൂണിനെയാണ് (24) കഞ്ചാവ് നട്ടതിനും പരിപാലിച്ചതിനും അറസ്റ്റ് ചെയ്തത്. ഇയാളെ അറസ്റ്റ് ചെയ്തത് കുത്തിയതോട് പൊലീസാണ്.

വീട്ടിൽ ഇന്നേ വരെ ഒരു കൃഷിയും ചെയ്യാത്ത ഷാരൂൺ പ്ലാസ്റ്റിക് ചാക്കിനകത്ത് നട്ട ചെടിക്ക് പതിവായി വെള്ളമൊഴിക്കുന്നത് കണ്ട് അമ്മ ഏത് ചെടിയാണെന്ന് ചോദിച്ചിരുന്നു. അന്ന് ഷാരൂൺ പറഞ്ഞത് ജമന്തി പോലൊരു ചെടിയാണെന്നാണ്. പിന്നീട് ഷാരൂൺ കഞ്ചാവ് നട്ടുവളർത്തുന്ന വിവരം വാർഡിൽ ജനമൈത്രി ബീറ്റ് നടത്തിയിരുന്ന കുത്തിയതോട് പൊലീസ് സ്റ്റേഷനിൽ ലഭിച്ചു. സിവിൽ പൊലീസ് ഓഫീസർമാരായ കെ ആർ രതീഷിനും പ്രവീണിനുമാണ് വിവരം ലഭിച്ചത്. മേലുദ്യോഗസ്ഥരുടെ നിർദേശപ്രകാരം പിന്നീട് ഉദ്യോഗസ്ഥർ ഷാരൂണിനെ നിരീക്ഷിച്ചു.

കഞ്ചാവ് ചെടികളെ പരിപാലിക്കുന്ന സമയത്ത് കുത്തിയതോട് എസ് ഐ ഏലിയാസ് ജോർജിന്റെ നേതൃത്വത്തിൽ പൊലീസ് ഉദ്യോസ്ഥരെത്തി ഷാരൂണിനെ അറസ്റ്റ് ചെയ്തു. പൊലീസുകാർ നടത്തിയ  ചോദ്യംചെയ്യലിൽ ഷാരൂണിന്റെ അടുക്കൽ നിന്ന് കഞ്ചാവ് ഉപയോഗിക്കുന്നവരുടെയും വിതരണം ചെയ്യുന്നവരുടെയും വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. 2016-ൽ കഞ്ചാവ് ഉപയോഗിച്ചതിന് കുത്തിയതോടിൽ അറസ്റ്റിലായ ഷാരൂണിനെ കോടതി ശിക്ഷിച്ചിട്ടുണ്ട്.

 

arrested growing marijuana

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top