കൊവിഡ് 19 ഭീതി; കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഈ മാസം 31 വരെ പഞ്ചിംഗ് ഒഴിവാക്കി

കൊവിഡ് 19പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഈ മാസം 31 വരെ പഞ്ചിംഗ് ഒഴിവാക്കി. പകരം രജിസ്റ്ററിൽ ഒപ്പിട്ടാൽ മതിയാകും. കൊവിഡ്19 നെതിരേയുള്ള ആരോഗ്യ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു തീരുമാനവും എടുത്തിരിക്കുന്നത്. പഞ്ചിംഗിലൂടെ കൊറോണ വൈറസ് പടരുന്നത് തടയുകയാണ് ഈ തീരുമാനത്തിനു പിന്നിലെ ലക്ഷ്യം.

കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി പാർലമെന്റിൽ ആരോഗ്യ മാർഗരേഖ കൊണ്ടുവന്ന സർക്കാർ ശക്തമായ പ്രതിരോധ നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്. പൊതുപരിപാടികൾ ഒഴിവാക്കാനാണു പ്രധാന നിർദേശം. കൂടുതൽ പേരിലേക്ക് രോഗം പടരാതിരിക്കാനാണ് പൊതുപരിപാടികൾ ഒഴിവാക്കാൻ സംസ്ഥാന സർക്കാരുകൾക്കായി കേന്ദ്ര ആരോഗ്യമന്ത്രാലയം ഇറക്കിയ മാർഗ നിർദേശത്തിൽ പറയുന്നത്. രോഗഭീതിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ സ്‌കൂളുകളിൽ അസംബ്ലി ഒഴിവാക്കിയിട്ടുണ്ട്. ഡൽഹിയിൽ മാർച്ച് 15 മുതൽ 25 വരെ നടത്താനിരുന്ന ഷൂട്ടിംഗ് ലോകകപ്പും മാറ്റിവച്ചിട്ടുണ്ട്.

പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമാക്കുന്നതിനിടയിലും ഡൽഹിയിൽ ഒരാൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ടു. ഉത്തംനഗർ സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടത്. സമീപ ദിവസങ്ങളിൽ തായ്ലാൻഡിൽ നിന്നും എത്തിയതാണ് ഈ വ്യക്തിയെന്നാണ് വിവരം. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 31 ആയി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top