കൊവിഡ്- 19; ആറ്റുകാൽ പൊങ്കാലയുടെ കാര്യത്തിൽ ആശങ്ക വേണ്ട: മന്ത്രി കെ കെ ശൈലജ

കൊവിഡ്-19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആറ്റുകാൽ പൊങ്കാലയുടെ കാര്യത്തിൽ ആശങ്ക വേണ്ടെന്ന് മന്ത്രി കെ കെ ശൈലജ. ആൾക്കൂട്ട ആഘോഷങ്ങൾ ഒഴിവാക്കേണ്ട സാഹചര്യം കേരളത്തിലില്ല. എല്ലാതരത്തിലുള്ള മുൻകരുതലും സ്വീകരിച്ചതായും മന്ത്രി വ്യക്തമാക്കി. കൊവിഡ്-19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഹോളി ആഘോഷങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കെ കെ ശൈലജയുടെ പ്രതികരണം. ആറ്റുകാൽ പൊങ്കാലയിൽ സജീകരണങ്ങൾ കൂടുതൽ ശക്തമാക്കും. എന്നാൽ ആൾക്കൂട്ട ആഘോഷങ്ങൾ ഒഴിവാക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വ്യക്തമാക്കി.

Read Also: കൊവിഡ്-19; മരണം 3000 കടന്നു

സംസ്ഥാനത്ത് എല്ലാ മുൻകരുതലും സ്വീകരിച്ചിട്ടുണ്ട്. രോഗലക്ഷണമുള്ളവർ ആൾക്കൂട്ടത്തിൽ പോകാതിരിക്കാൻ ശ്രദ്ധിക്കണം. ആരോഗ്യ വകുപ്പിന്റെ പച്ചക്കൊടി കിട്ടിയതോടെ കൊറോണ ആറ്റുകാൽ പൊങ്കാലയെ ഒരുതരത്തിലും ബാധിക്കില്ലെന്ന് ഉറപ്പായി. ഹോളി ആഘോഷങ്ങളിൽ നിന്ന് പ്രധാനമന്ത്രി വിട്ടുനിന്നതോടെ രാഷ്ട്രപതി ഭവനും ഡൽഹി സർക്കാരും ഹോളി ആഘോഷങ്ങളിൽ നിന്ന് പിന്മാറിയിരുന്നു.

അതേ സമയം രാജ്യത്ത് ഒരാൾക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. ഇതോടെ കൊറോണ ബാധിച്ചവരുടെ എണ്ണം 31 ആയി. രോഗം ബാധിച്ച് 28 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഡൽഹിയിലാണ് ഒടുവിലായി കൊറോണ സ്ഥിരീകരിച്ചത്. തായ്‌ലന്റിലും മലേഷ്യയിലും യാത്ര ചെയ്ത് തിരിച്ചെത്തിയ യുവാവിനാണ് കൊറോണ സ്ഥിരീകരിച്ചത്. യുവാവ് നീരീക്ഷണത്തിലാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ കടുത്ത ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശം നൽകി.

 

attukal ponkala, k k shailaja, corona

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top