വീരുവിന്റെ തകർപ്പൻ പ്രകടനം; ഇന്ത്യൻ ലെജൻഡ്‌സിന് ജയം

മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന റോഡാ സേഫ്റ്റി വേൾഡ് സീരീസ് ടി 20 മത്സരത്തിൽ വിൻഡീസ് ലെജഡ്‌സിനെതിരെ ഇന്ത്യൻ ലെജൻഡ്‌സിന് തകർപ്പൻ ജയം. കളമൊഴിഞ്ഞ സൂപ്പർ താരങ്ങൾ ഒരിക്കൽക്കൂടി കത്തിക്കയറിയ ആവേശപ്പോരാട്ടത്തിൽ ബ്രയാൻ ലാറ നയിച്ച വെസ്റ്റ് ഇൻഡീസ് ലെജൻഡ്‌സിനെതിരെ സച്ചിൻ നയിച്ച ഇന്ത്യൻ ലെജൻഡ്‌സിനെ ജയിക്കാൻ സഹായിച്ചത് വീരുവിന്റെ വെടിക്കെട്ട് ബാറ്റിംഗ് ആണ്. റോഡ് സുരക്ഷാ സന്ദേശവുമായി മഹാരാഷ്ട്ര സർക്കാർ സംഘടിപ്പിക്കുന്ന റോഡ് സേഫ്റ്റി വേൾഡ് ട്വന്റി20 സീരീസ് ക്രിക്കറ്റ് ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഏഴു വിക്കറ്റിനാണ് ഇന്ത്യൻ ലെജൻഡ്‌സ് ജയിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ വെസ്റ്റിൻഡീസ് ലെജൻഡ്‌സ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ അടിച്ചത് 150 റൺസാണ്. 151 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 10 പന്ത് ബാക്കി നിൽക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യത്തിലെത്തുകയും ചെയ്തു. 57 പന്തിൽ 11 ഫോറുകൾ സഹിതം 74 റൺസെടുത്ത ഓപ്പണർ വീരേന്ദർ സെവാഗിന്റെ തകർപ്പൻ പ്രകടനം ഇന്ത്യയുടെ അനായാസ ജയത്തിന് തുണയായി. ഓപ്പണിംഗ് വിക്കറ്റിൽ ക്യാപ്റ്റൻ കൂടിയായ സച്ചിൻ തെൻണ്ടുൽക്കറിനൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ട് തീർക്കാനും സെവാഗിന് കഴിഞ്ഞു. 10.2 ഓവറിൽ ഇരുവരും കൂടെ അടിച്ചത് 83 റൺസാണ്. സച്ചിൻ 29 പന്തിൽ ഏഴ് ഫോറുകൾ അടക്കം 36 റൺസെടുത്ത് പുറത്തായി. സെവാഗാണ് കളിയിലെ താരമായത്.

മുഹമ്മദ് കൈഫ് (16 പന്തിൽ 14), മൻപ്രീത് ഗോണി (0) എന്നിവർ കാര്യമായ സംഭാവനകൾ നൽകാതെ മടങ്ങി. രാംനരെയ്‌നെതിരെ നേടിയ പടുകൂറ്റൻ സിക്‌സർ സഹിതം ഏഴ് പന്തിൽ 10 റൺസുമായി പുറത്താകാതെ നിന്ന യുവരാജ് സിംഗിനെ കൂട്ടുപിടിച്ച് സെവാഗ് ഇന്ത്യയെ ജയത്തിലേക്ക് വഴിനടത്തി. വെസ്റ്റിൻഡീസിനായി കാൾ ഹൂപ്പർ രണ്ടും സുലൈമാൻ ബെൻ ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് ലെജൻഡ്‌സ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 150 റൺസെടുത്തു. അർധ സെഞ്ചുറി നേടിയ ഓപ്പണർ ശിവ്‌നാരായൻ ചന്ദർപോളിന്റെ പ്രകടനമാണ് വിൻഡീസിനെ മികച്ച സ്‌കോർ പടുത്തുയർത്താൻ സഹായിച്ചത്. ചന്ദർപോൾ 41 പന്തിൽ ആറ് ഫോറും രണ്ട് സിക്‌സും സഹിതം 61 റൺസാണ് എടുത്തത്. ഇന്ത്യയ്ക്കായി മുനാഫ് പട്ടേൽ, പ്രഗ്യാൻ ഓജ, സഹീർ ഖാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു.

ഡാരൻ ഗംഗ 24 പന്തിൽ അഞ്ച് ഫോറുകൾ അടക്കം 32 റൺസെടുത്ത് പുറത്തായി. ഓപ്പണിംഗ് വിക്കറ്റിൽ ഗംഗ ചന്ദർപോൾ സഖ്യം 40 റൺസ് കൂട്ടിച്ചേർത്തു. ക്യാപ്റ്റൻ ബ്രയാൻ ലാറ 15 പന്തിൽ നാല് ഫോറുകൾ സഹിതം 17 റൺസെടുത്ത് മടങ്ങി.

ഡാൻസ ഹയാത്ത് (16 പന്തിൽ 12), കാൾ ഹൂപ്പർ (എട്ടു പന്തിൽ രണ്ട്), റൂവൻ പവൽ (രണ്ടു പന്തിൽ ഒന്ന്), റിഡ്ലി ജേക്കബ്‌സ് (നാലു പന്തിൽ രണ്ട്), ടിം ബെസ്റ്റ് (അഞ്ച് പന്തിൽ 11) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഇന്ത്യ ലെജൻഡ്‌സിനായി ഏഴ് പേർ പന്തെറിഞ്ഞു. പ്രഗ്യാൻ ഓജയും സഹീർ ഖാനും രണ്ട് വിക്കറ്റ് വീതം നേടി. ഇർഫാൻ പഠാന് ഒരു വിക്കറ്റ് ലഭിച്ചിട്ടുണ്ട്. ഇതേ സ്റ്റേഡിയത്തിൽ ഞായറാഴ്ച ബ്രെറ്റ് ലീ നയിക്കുന്ന ഓസ്‌ട്രേലിയ ലെജൻഡ്‌സും ശ്രീലങ്ക ലെജൻഡ്‌സും തമ്മിലാണ് രണ്ടാമത്തെ മത്സരം.

 

india legends vs west indies legends match road safety world series

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top