ഭക്തിസാന്ദ്രമായി ആറ്റുകാൽ; പൊങ്കാലയ്ക്ക് തുടക്കമായി

പണ്ടാര അടുപ്പിൽ തീ പകർന്നതോടെ ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കമായി. രാവിലെ 10.25 നാണ് പൊങ്കാല അടുപ്പിൽ തീ പകർന്നത്. ക്ഷേത്രത്തിന് പത്ത് കിലോമീറ്റർ ചുറ്റളവിൽ സ്ത്രീകൾ നിവേദ്യം തയാറാക്കിക്കൊണ്ടിരിക്കുന്നു. സർവാഭരണ വിഭൂഷിതയായ ആറ്റുകാലമ്മയെ ഒരു നോക്ക് കാണാനുള്ള ആഗ്രഹത്താൽ ദൂരെ ദിക്കുകളിൽ നിന്ന് വരെ നിരവധി പേരാണ് ആറ്റുകാലിലേക്ക് എത്തിയിരിക്കുന്നത്. ക്ഷേത്രത്തിന് മുന്നിൽ നിന്ന് തോറ്റംപാട്ടുകാർ കണ്ണകി ചരിതത്തിൽ പാണ്ഡ്യരാജാവിന്റെ വധം നടക്കുന്ന ഭാഗം പാടിക്കഴിഞ്ഞ ശേഷം തന്ത്രി ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന് മേൽശാന്തിക്ക് കൈമാറി.

Read Also: ആറ്റുകാല്‍ പൊങ്കാല: സുരക്ഷക്കായി മൂവായിരം പൊലീസ്; നിരീക്ഷണത്തിന് ഡ്രോണുകള്‍

മേൽശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ തീ കത്തിച്ച ശേഷം അതേ ദീപം സഹമേൽശാന്തിക്ക് കൈമാറി. സഹമേൽശാന്തി വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുൻവശത്ത് ഒരുക്കിയിട്ടുള്ള പൊങ്കാല അടുപ്പിലും തീ പകർന്നു. തുടർന്ന് ദീപം പൊങ്കാല അടുപ്പുകളിലേക്ക് കൈമാറിയതോടെ നഗരം ഒരു യാഗശാലയായി മാറി. ഉച്ചയ്ക്ക് 2.10 നാണ് പൊങ്കാല നിവേദ്യം. ദേവി ദർശനത്തിനായി ഒഴുകി എത്തുന്ന ഭക്തരാൽ വലിയ തിരക്കാണ് ആറ്റുകാലിലിലും പരിസരത്തും അനുഭവപ്പെടുന്നത്.

അതേസമയം, കൊവിഡ്- 19 ജാഗ്രത ഉള്ളതിനാൽ ചിലർ മാസ്‌ക് ധരിച്ചാണ് പൊങ്കാല ഇടാനെത്തിയത്. കൊവിഡ് 19 രോഗലക്ഷണങ്ങൾ ഉള്ളവർ പൊങ്കാലയിൽ നിന്ന് സ്വമേധയാ വിട്ട് നിൽക്കണമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആകെ 732 പേർ നിരീക്ഷണത്തിലാണ്. പൊങ്കാലയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള മുൻകരുതൽ നിർദേശങ്ങൾ പാലിക്കണം.

 

aattukal pongala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top