‘ചികിത്സ സൗജന്യം, എല്ലാ സ്വാതന്ത്ര്യവുമുണ്ട്’; ഐസൊലേഷൻ വാർഡിലെ അനുഭവം പറഞ്ഞ് ആരോഗ്യമന്ത്രിയുടെ പ്രശംസ നേടിയ വ്‌ളോഗർ

ഐസൊലേഷൻ വാർഡിലെ അനുഭവം പറഞ്ഞ് ആരോഗ്യമന്ത്രിയുടെ പ്രശംസ നേടിയ വ്‌ളോഗർ ഷാക്കീർ സുബ്ഹാൻ. ആകെ വേദന അനുഭവപ്പെട്ടത് ഒരു ഇഞ്ചക്ഷൻ എടുത്തപ്പോൾ മാത്രമാണെന്ന് ഷാക്കീർ പറഞ്ഞു. ഐസൊലേഷൻ വാർഡിൽ മൊബൈൽ ഫോണും ലാപ് ടോപും ഉപയോഗിക്കാം. സൗജന്യമായി രക്ത പരിശോധന നടത്തും. മറ്റ് അസുഖങ്ങളുണ്ടെങ്കിൽ പരിശോധിച്ച് ചികിത്സിക്കുമെന്നും ഷാക്കീർ ട്വന്റിഫോറിനോട് പറഞ്ഞു.
ഐസൊലേഷൻ വാർഡിൽ മൂന്ന് ദിവസം കിടന്നു. നല്ല ഭക്ഷണവും പരിചരണവുമാണ് ലഭിച്ചത്. മൂന്ന് ദിവസം കഴിഞ്ഞപ്പോൾ റിസൾട്ട് ലഭിച്ചു. റിസൾട്ട് കൈയിൽ കിട്ടി പുറത്തിറങ്ങുമ്പോൾ മനോധൈര്യം കൂടുമെന്നും ഷാക്കീർ പറഞ്ഞു.
യാത്ര കഴിഞ്ഞ് കണ്ണൂർ വിമാനത്താവളത്തിലെത്തിയപ്പോൾ തനിക്ക് കൊറോണയുണ്ടോ എന്ന സംശയം പ്രകടിപ്പിച്ചു. തുടർന്ന് പരിശോധിച്ചപ്പോൾ കൊറോണയുടെ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടു. വിമാനത്താവളത്തിലെ പരിശോധന ശരിയായ രീതിയിൽ നടന്നു. ഐസൊലേഷൻ വാർഡിലേയ്ക്ക് മാറണമെന്നായിരുന്നു നിർദേശം. തനിക്ക് ലഭിച്ച ഫോമിൽ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തി. വിമാനത്താവളത്തിൽ പരിശോധനയ്ക്കിടെ കാര്യങ്ങൾ സത്യസന്ധമായി അവതരിപ്പിക്കണം. എല്ലാവരും ഇങ്ങനെ ചെയ്താൽ കൊറോണ കേരളത്തിൽ ഉണ്ടാകില്ലെന്നും ഷാക്കീർ പറഞ്ഞു. ഐസൊലേഷൻ വാർഡിൽ നിന്ന് തിരിച്ചെത്തിയ ശേഷം നാട്ടുകാരും നല്ല രീതിയിലാണ് പെരുമാറിയതെന്നും ഷാക്കീർ വ്യക്തമാക്കി. കൊറോണ സംശയത്തെ തുടർന്ന് ഐസൊലേഷൻ വാർഡിലേക്ക് മാറാൻ സന്നദ്ധത പ്രകടിപ്പിച്ച ഷാക്കീറിന്റെ പ്രവൃത്തി പ്രശംസയ്ക്ക് ഇടയാക്കിയിരുന്നു.