കൊവിഡ് 19: ന്യൂകാമ്പ് തുറക്കില്ല; ബാഴ്സലോണ-നാപ്പോളി മത്സരം അടച്ചിട്ട സ്റ്റേഡിയത്തിൽ

ലോക വ്യാപകമായി കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ എഫ്സി ബാഴ്സലോണ-നാപ്പോളി ചാമ്പ്യൻസ് ലീഗ് മത്സരം അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തും. ബാഴ്സലോണയുടെ തട്ടകമായ ന്യൂകാമ്പിലാണ് മത്സരം. നാപ്പോളിയുടെ സ്റ്റേഡിയത്തിൽ നടന്ന ആദ്യ പാദ മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോളുകൾ വീതമടിച്ച സമനിലയായിരുന്നു.

കാറ്റലോണിയൻ ഭരണകൂടവും ക്ലബും തമ്മിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് ന്യൂകാമ്പ് അടച്ച് മത്സരം നടത്താൻ തീരുമാനിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ചു കഴിഞ്ഞ ഇറ്റലിയിലെ ക്ലബ് ആയതുകൊണ്ട് തന്നെ നാപ്പോളിയുടെ സന്ദർശനം കറ്റലോണിയക്കും ആശങ്ക ഉണ്ടാക്കുന്നുണ്ട്.

ലാ ലിഗ മത്സരങ്ങൾ അടഞ്ഞ സ്റ്റേഡിയത്തിൽ നടത്തുമെന്ന് സൂചന ഉണ്ടായിരുന്നു. സ്പാനിഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ മൂന്ന് വരെയുള്ള സീരി എ മത്സരങ്ങൾ നിർത്തിവെക്കാൻ ഇറ്റാലിയൻ ഫുട്ബോൾ തീരുമാനിച്ചതിനു പിന്നാലെയാണ് സ്പെയിൻ ഈ തീരുമാനം എടുത്തത്.

സ്പെയിനിൽ 1204 പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 15 ദിവസത്തേക്ക് രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ സ്പെയിൻ ഭരണകൂടം തീരുമാനിച്ചിരുന്നു.

കൊറോണ ബാധയെ തുടർന്ന് ഇറ്റലിയിലെ എല്ലാ കായിക മത്സരങ്ങളും ഒരു മാസത്തേക്ക് നിർത്തി വെക്കാൻ ഇറ്റാലിയൻ ഭരണകൂടം തീരുമാനിച്ചിരുന്നു. അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താം എന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, പിന്നീട് മത്സരങ്ങൾ മാറ്റിവെക്കാൻ തീരുമാനിക്കുകയായിരുന്നു. ഏപ്രിൽ മൂന്നിനകം സ്ഥിതിഗതികൾ നിയന്ത്രണവിധേയമായില്ലെങ്കിൽ ലീഗ് റദ്ദാക്കുന്നതും പരിഗണനയിലുണ്ട്.

നേരത്തെ, ഏഷ്യൻ ടീമുകളുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ മാറ്റി വെക്കാൻ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ തീരുമാനിച്ചിരുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളുടെ യോഗ്യതാ മത്സരങ്ങളാണ് മാറ്റിവച്ചത്. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് അതാത് ഫുട്ബോൾ ഫെഡറേഷനുകൾക്ക് ലഭിച്ചിട്ടുണ്ട്.

Story Highlights: FC Barcelona Versus Napoli Champions League Clash Confirmed Behind Closed Doors

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top