നിയന്ത്രണം ലംഘിച്ച് നടത്തിയ വാമനപുരം സർവീസ് സഹകരണ ബാങ്ക്  തെരഞ്ഞെടുപ്പ് മാറ്റിവച്ചു

കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ച് നടത്തിയ തിരുവനന്തപുരം വാമനപുരം സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പ് മാറ്റിവച്ചു. സംഭവത്തിൽ ചട്ടലംഘനം ഉണ്ടായതായി സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ആറായിരത്തോളം വോട്ടർമാരുള്ള ബാങ്കിൽ എല്ലാ കൊവിഡ് 19 മാർഗ നിർദേശങ്ങളും കാറ്റിൽ പറത്തി തിക്കിത്തിരക്കിയാണ് ആളുകൾ വോട്ട് ചെയ്യാനെത്തിയത്. വാമനപുരം ഗവ. യു പി എസിലാണ് സഹകരണ ബാങ്കിന്റെ തെരഞ്ഞെടുപ്പ് നടന്നത്. ഒരു മീറ്റർ അകലത്തിൽ ആളുകളെ നിർത്തി വോട്ടെടുപ്പ് നടത്തുമെന്നുള്ള ഉറപ്പും പാഴ്‌വാക്കായി. വോട്ടെടുപ്പ് തുടങ്ങിയ രാവിലെ എട്ട് മണി മുതൽ തിക്കിത്തിരിക്കി കാത്ത് നിന്നാണ് ജനങ്ങൾ വോട്ട് ചെയ്യാനെത്തിയത്. മുൻകരുതലുകൾ പാലിച്ചതുമില്ല. തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേരത്തെ തന്നെ കളക്ടറെ സമീപിച്ചെങ്കിലും പരിഗണിച്ചില്ല. ഒടുവിൽ വിവാദമായതോടെ മൂന്ന് മണിക്കൂറിന് ശേഷം തെരഞ്ഞെടുപ്പ് മാറ്റി വച്ചതായി കളക്ടറുടെ നിർദേശം വന്നു.

Read Also: കൊവിഡ് 19; നിയന്ത്രണങ്ങൾ ലംഘിച്ച് വാമനപുരം സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്; 5000 ആളുകൾ പോളിംഗ് ബൂത്തിൽ

പോൾ ചെയ്ത വോട്ടുകൾ എണ്ണി തിട്ടപ്പെടുത്തി സൂക്ഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്. വോട്ട് ചെയ്യാൻ കഴിയാതെ പോയവർക്ക് മറ്റൊരു ദിവസം വോട്ടിംഗിനുള്ള സൗകര്യം ഏർപ്പെടുത്തും. ആറായിരത്തോളം വോട്ടർമാരുള്ള ബാങ്കിൽ രണ്ടായിരം പേരോളം വോട്ടിംഗിനെത്തിയതായാണ് കണക്ക്. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുൾപ്പെടെ നൂറിലേറെപ്പേർ വാമനപുരത്ത് വീടുകളിൽ നിരീക്ഷണത്തിലുണ്ട്.

 

coronavirus, vamanapuram service cooperative bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top