കൊവിഡ് 19 ഭീതി; സംസ്ഥാനത്തെ രക്തബാങ്കുകളിൽ ക്ഷാമം അതിരൂക്ഷമാകുന്നു

സംസ്ഥാനത്തെ രക്തബാങ്കുകളിൽ രക്തക്ഷാമം അതിരൂക്ഷമാകുന്നു. കൊവിഡ് 19 ഭീതിയിൽ ആശുപത്രികളിലേക്കെത്താൻ രക്തദാതാക്കൾ മടിക്കുന്നതോടെ അർബുദ രോഗികളും ശസ്ത്രക്രിയ കാത്ത് കഴിയുന്നവരും വലയുകയാണ്. സ്‌കൂളുകളും കോളജുകളും അടച്ചതോടെ വിദ്യാർത്ഥികളുടെ സന്നദ്ധരക്തദാനവും നിലച്ചു.

കൊവിഡ് വ്യാപനം ഭയന്നാണ് പലരും രക്തദാനത്തിനായി ആശുപത്രികളിലേക്ക് എത്താൻ മടിക്കുന്നത്. സുരക്ഷാ മുന്നറിയിപ്പുകളെത്തുടർന്ന് സന്നദ്ധസംഘടനകളുടെ രക്തദാന ക്യാമ്പുകളും മുടങ്ങി.

കൊവിഡ് ഏറ്റവുമധികം ദുരിതത്തിലാക്കിയിരിക്കുന്നത് ആർസിസിയിലടക്കം ചികിത്സ തേടുന്ന അർബുദ രോഗികളേയും പ്രസവ ശസ്ത്രക്രിയ ആവശ്യമുളളവരെയും, അപകടങ്ങളിൽ പെടുന്നവരെയുമാണ്. രക്തം കിട്ടാതായതോടെ ശസ്ത്രക്രിയകൾ നിശ്ചയിച്ചിരിക്കുന്ന രോഗികളുടെ ബന്ധുക്കൾ നെട്ടോട്ടത്തിലാണ്.

സംസ്ഥാനത്തെ മിക്ക ആശുപത്രികളിലും ശസ്ത്രക്രിയകൾ ഉൾപ്പെടെ നീട്ടി വയ്‌ക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. അടിയന്തര ശസ്ത്രക്രിയകൾ ആവശ്യമായ രോഗികൾക്ക് രക്തം സംഘടിപ്പിക്കുന്നതിനായി പരക്കം പായുകയാണ് സന്നദ്ധ സംഘടനകളും.

എന്നാൽ, സുരക്ഷിതമായ രക്ത ദാനം നിർവഹിക്കുന്നതുകൊണ്ട് രോഗം പകരില്ലെന്നാണ് ആരോഗ്യ പ്രവർത്തകരുടെ നിലപാട്.

Story highlight: Covid 19,blood bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top